
റായ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ. ദുർഗ് ജില്ലയിലെ പഠാൻ മണ്ഡലത്തിൽ നിന്നു തന്നെയാണ് ഇത്തവണയും ബഘേൽ മത്സരിക്കുന്നത്. ദുർഗ് കലക്ട്രേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചിത്രങ്ങൾ ബഘേൽ എക്സിലൂടെ പങ്കു വച്ചു. സ്പീക്കർ ചരൺദാസ് മഹന്ത്, ആഭ്യന്തര മന്ത്രി താമ്രധ്വജ് സഹു എന്നിവരും ബഘേലിനെ അനുഗമിച്ചിരുന്നു.
അറുപത്തിരണ്ടുകാരനായ ബഘേലിനെ പത്നി മുക്തേശ്വരി തിലകം ചാർത്തി യാത്രയാക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1993 മുതൽ 2018 വരെ അഞ്ചു തവണയാണ് ബഘേൽ പഠാൻ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
2008ൽ മാത്രം അനന്തരവൻ കൂടിയായ ബിജെപി സ്ഥാനാർഥി വിജയ് ബഘേലിനോട് പരാജയപ്പെട്ടു. നിലവിൽ ദുർഗിൽ നിന്നുള്ള ബിജെപി എംപിയാണ് വിജയ് ബഘേൽ.