

വി.ഡി. സതീശന്‍റെ ജനപിന്തുണ കുറഞ്ഞപ്പോൾ, കെ.സി. വേണുഗോപാലിനു പിന്തുണ ഏറിയെന്ന് സർവേകൾ. മൂന്നാം സ്ഥാനത്ത് രമേശ് ചെന്നിത്തല.
MV Graphics
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെട്രൊ വാർത്ത ഉൾപ്പെടെ വിവിധ മാധ്യ സ്ഥാപനങ്ങളും പോൾ ഏജൻസികളും നടത്തിയ സർവേകളുടെയും എക്‌സിറ്റ് പോളുകളുടെയും ഫലങ്ങൾ പുറത്തുവരുമ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. എക്സിറ്റ് പോളുകൾ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകുമ്പോൾ, ഭരണകക്ഷിയായ എൽഡിഎഫിന് ശക്തമായ ഭരണവിരുദ്ധ വികാരം തിരിച്ചടിയായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യ ടുഡേ - പോൾ മന്ത്ര സർവേ പ്രകാരം 50 ശതമാനത്തിലധികം പേരും കോൺഗ്രസിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കിടയിലെ ജനപിന്തുണയിൽ ഇത്തവണ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണ്.
വി.ഡി. സതീശൻ: 21.2 ശതമാനം പിന്തുണയുമായി കോൺഗ്രസ് നേതാക്കളിൽ വി.ഡി. സതീശൻ മുന്നിലെത്തിയെങ്കിലും മുൻ സർവേകളെ അപേക്ഷിച്ച് അദ്ദേഹത്തിന്‍റെ ജനപ്രീതിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
കെ.സി. വേണുഗോപാൽ: ഈ സർവേയിൽ ഏറ്റവും വലിയ മുന്നേറ്റം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റേതാണ്. പ്രീ-പോൾ സർവേകളിൽ 3 ശതമാനത്തിൽ താഴെയായിരുന്ന അദ്ദേഹത്തിന്‍റെ പിന്തുണ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ 17.8 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. സ്ഥാനാർഥി നിർണയത്തിലും 'ഇന്ദിരാ ഗ്യാരന്‍റി' പദ്ധതികളുടെ പ്രചാരണത്തിലും വഹിച്ച നേതൃപരമായ പങ്ക് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു.
രമേശ് ചെന്നിത്തല: 11.2 ശതമാനം പേരുടെ പിന്തുണയോടെ ചെന്നിത്തല മൂന്നാം സ്ഥാനത്തുണ്ട്.
എൽഡിഎഫ് ക്യാമ്പിലെ ജനപിന്തുണയിലെ ഇടിവ്
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപ്രീതിയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ ഇടിവുണ്ടായതായി സർവേകളിൽ വ്യക്തമാകുന്നു. മുമ്പ് 30 ശതമാനത്തിന് മുകളിൽ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഗ്രാഫ് താഴേക്ക് പോയപ്പോൾ, കെ.കെ. ശൈലജയുടെ ജനപ്രീതി വർധിച്ചു. പിണറായി വിജയനു തൊട്ടുപിന്നിൽ തന്നെ അവർ സ്ഥാനമുറപ്പിച്ചു.
അധികാരം യുഡിഎഫിനാണെങ്കിൽ ശൈലജ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും ഇതോടെ വർധിക്കുന്നു.
ബിജെപിക്ക് ആശ്വാസം
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനു ലഭിച്ച സ്വീകാര്യത പാർട്ടി അണികളിൽ ആവേശം പകരുന്നുണ്ട്. എന്നിരുന്നാലും, സീറ്റുകളുടെ എണ്ണത്തിൽ വലിയ മുന്നേറ്റം ബിജെപിക്ക് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. വോട്ട് വിഹിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാകും എൻഡിഎയെ സംബന്ധിച്ച് നിർണായകം.
യുഡിഎഫിന് അനുകൂലമായ ഘടകങ്ങൾ
പത്തിലേറെ എക്‌സിറ്റ് പോളുകൾ യുഡിഎഫിന് അധികാരം പ്രവചിക്കുന്നതിനു പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്:
ഭരണവിരുദ്ധ വികാരം: സർക്കാരിനെതിരായ ജനവികാരം വോട്ടായി മാറിയെന്ന് സർവേകൾ പറയുന്നു.
കോൺഗ്രസിന്‍റെ പ്രവർത്തനം: ബൂത്ത് തലത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിലും 'ഇന്ദിരാ ഗ്യാരന്‍റി' പോലുള്ള വാഗ്ദാനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും കോൺഗ്രസ് പുലർത്തിയ കൃത്യത വിജയസാധ്യത വർധിപ്പിച്ചു.
സമുദായ സംഘടനകളുമായി പുലർത്തിയ നല്ല ബന്ധവും ദേശീയ തലത്തിൽ ബിജെപിക്കെതിരേ കോൺഗ്രസ് ഉയർത്തുന്ന പോരാട്ടവും ന്യൂനപക്ഷങ്ങൾക്കിടയിലും പിന്നാക്ക വിഭാഗങ്ങൾക്കിടയിലും യുഡിഎഫിന്‍റെ സ്വീകാര്യത വർധിപ്പിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.