ഹരിയാന നിയമസഭാ വോട്ടെടുപ്പ് ഒക്റ്റോബർ 5ലേക്ക് മാറ്റി

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്റ്റോബർ നാലിൽ നിന്ന് എട്ടിലേക്കും മാറ്റി
election
ഹരിയാന നിയമസഭാ വോട്ടെടുപ്പ് ഒക്റ്റോബർ 5ലേക്ക് മാറ്റി
Updated on

ന്യൂഡൽഹി: ഹരിയാന നിയമസഭാ വോട്ടെടുപ്പ് ഒക്റ്റോബർ ഒന്നിൽ നിന്ന് അഞ്ചിലേക്കു മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്റ്റോബർ നാലിൽ നിന്ന് എട്ടിലേക്കും മാറ്റി. ബിഷ്ണോയി സമുദായത്തിന്‍റെ ആവശ്യം അംഗീകരിച്ചാണു തെരഞ്ഞെടുപ്പ് തീയതികളിലെ മാറ്റമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. ഗുരു ജംഭേശ്വരന്‍റെ സ്മരണാർഥം നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അസോജ് അമാവാസി ആഘോഷം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റണമെന്നു ബിഷ്ണോയി സമുദായം ആവശ്യപ്പെട്ടിരുന്നു. ഒക്റ്റോബർ ഒന്നിന് മുമ്പും ശേഷവും അവധി ദിവസങ്ങളായതു പോളിങ് ശതമാനത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ഹരിയാന ബിജെപി നേതൃത്വവും കമ്മിഷനെ സമീപിച്ചു.

ഇക്കൊല്ലം ഒക്റ്റോബർ രണ്ടിനാണ് അസോജ് അമാവാസി. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബിഷ്ണോയി കുടുംബാംഗങ്ങൾ ഈ ദിവസം രാജസ്ഥാനിൽ തങ്ങളുടെ ജന്മഭൂമിയെന്നു വിശ്വസിക്കുന്ന മുകം സന്ദർശിക്കും.

ഗുരു ജംഭേശ്വരന്‍റെ ഓർമയ്ക്കായി നടത്തുന്ന സന്ദർശനത്തിന്‍റെ അടുത്ത ദിവസങ്ങളിൽ വോട്ടെടുപ്പ് നടന്നാൽ സമുദായാംഗങ്ങൾക്ക് പങ്കെടുക്കാനാവില്ലെന്ന് അഖിലേന്ത്യാ ബിഷ്ണോയി മഹാസഭ ചൂണ്ടിക്കാട്ടിയിരുന്നു. ഹരിയാനയിലെ സിർസ, ഹിസാർ, ഫത്തേഹാബാദ് തുടങ്ങിയ ഇടങ്ങൾ ബിഷ്ണോയി വിഭാഗത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com