വിജയ് മുഖ്യമന്ത്രിയാകാൻ ഇനി എത്ര സീറ്റ് വേണം? കണക്കുകൾ അറിയാം

വെറും 11 സീറ്റുകൾ കൂടി സ്വന്തമാക്കിയാൽ മുഖ്യമന്ത്രിയെന്ന പദം വിജയുടെ കൈപ്പിടിയിൽ ഒതുങ്ങും
How many seats does Vijay need to become the Chief Minister? Know the figures

വിജയ്

Updated on

ചെന്നൈ: രാജ്യത്തെ അപ്പാടെ ഞെട്ടിച്ചു കൊണ്ടാണ് തമിഴ്നാട്ടിൽ വിജയ് വെന്നിക്കൊടി പാറിച്ചത്. മത്സരിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരമ്പരാഗതമായി തമിഴ്നാട് ഭരിച്ചു കൊണ്ടിരുന്ന ‌പാർട്ടികളെയെല്ലാം അപ്രസക്തരാക്കിക്കൊണ്ടാണ് വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയിച്ചത്. വിജയ് മത്സരിച്ച രണ്ടു സീറ്റുകൾ ഉൾപ്പെടെ 10‌7 സീറ്റുകളാണ് കന്നി അങ്കത്തിൽ തന്നെ ടിവികെ സ്വന്തമാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പോലും തോൽപ്പിച്ചാണ് ടിവികെ സ്ഥാനാർഥികൾ ജയിച്ചു കയറിയിരിക്കുന്നത്.

പെരമ്പൂർ, ട്രിച്ച് മണ്ഡലങ്ങളിൽ നിന്നാണ് വിജയിച്ചത് ഇരു മണ്ഡലങ്ങളിലും വിജയിച്ചു. ട്രിച്ചിയിൽ വിജയ്ക്ക് പകരം തൃഷ മത്സരിക്കുന്നതിനുള്ള സാധ്യതകളും ശക്തമാണ്. 234 അംഗ നിയമസഭയാണ് തമിഴ്നാടിന്‍റേത്. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 118 അംഗങ്ങൾ. വെറും 11 സീറ്റുകൾ കൂടി സ്വന്തമാക്കിയാൽ മുഖ്യമന്ത്രിയെന്ന പദം വിജയുടെ കൈപ്പിടിയിൽ ഒതുങ്ങുമെന്ന് ചുരുക്കം. പക്ഷേ അധികാരം സ്വന്തമാക്കാൻ വിജയ് ആരുടെ സഹായം തേടുമെന്നതാണ് ചോദ്യചിഹ്നമായിരിക്കുന്നത്. സഹായം ആവശ്യപ്പെട്ട് വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിരുന്നു. വിഷയത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നാണ് കെസി പ്രതികരിച്ചിരിക്കുന്നത്. നിലവിൽ വെറും അഞ്ച് സീറ്റുകൾ മാത്രമാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് നേടാൻ കഴിഞ്ഞിരിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ അംഗമായ ഡിഎംകെയാണ് വിജയുടെ പ്രധാന എതിരാളി. അതു കൊണ്ടു തന്നെ ഡിഎംകെയെ വഴിയിൽ ഉപേക്ഷിച്ച് കോൺഗ്രസ് വിജയ്ക്കൊപ്പം ചേരുമോ എന്നുള്ള കാര്യത്തിൽ തർക്കമുണ്ട്.

സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതം നേടിയിട്ടുണ്ട്. വിസികെയ്ക്കും രണ്ട് സീറ്റുകളുണ്ട്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ എന്നിവർ ഒപ്പം നിന്നാൽ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് വിജയ്ക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.

അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന് ഒരു സീറ്റും പട്ടാളി മക്കൾ കച്ചിക്ക് നാലു സീറ്റും ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ രണ്ടു പാർട്ടികളും എൻഡിഎയുമായി അടുപ്പത്തിലാണ്. അതു കൊണ്ടു തന്നെ വിജയ് ഇവരോട് സഹായം തേടാൻ സാധ്യത കുറവാണ്.

ഡിഎംകെ 59 സീറ്റുകളിലും എഡിഎംകെ 47 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ മറ്റൊരു പാർട്ടിക്കും സർക്കാർ രൂപീകരണത്തിനായി ശ്രമിക്കാൻ കഴിയില്ല. ടിവികെക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൻ ടിവികെ ഇപ്പോഴുണ്ടായതിനേക്കാൾ വലിയ വിജയം നേടുമെന്ന ഭയം മറ്റു പാർട്ടികൾക്കുണ്ട്. അതു കൊണ്ടു തന്നെ ഇക്കാര്യത്തിൽ ചെറിയ സമവായത്തിന് സ്റ്റാലിനും ഡിഎംകെയും തയാറായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികൾക്കൊപ്പം വിജയ് സർക്കാർ രൂപീകരിക്കും.

മുസ്ലീം ലീഗിനും തമിഴ്നാട്ടിൽ 2 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ബിജെപി, ദേശീയ മുർപോക്കു ദ്രാവിഡ് കഴകം എന്നിവ ഓരോ സീറ്റ് വീതവും നേടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com