

ആശാനാഥ് അടൂരിലേക്ക്?
file photo
തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥിനെ ബിജെപി അടൂരിലേക്ക് പരിഗണിക്കുന്നതായി സൂചനകൾ. രണ്ടാം ഘട്ടത്തിലും അടൂരിലെ സ്ഥാനാർഥി പ്രഖാപിക്കാത്തത് ചർച്ചകൾ തുടരുന്നതിനാലാണെന്നാണ് വിവരം.
പ്രാദേശിക നേതാക്കളെ സ്ഥാനാർഥിയാക്കാനാണ് തുടക്കത്തിൽ ആലോചിച്ചതെങ്കിലും എതിർപക്ഷത്ത് മികച്ച സ്ഥാനാർഥികൾ എത്തുമെന്നായതോടെയാണ് സംസ്ഥാന തലത്തിൽ അറിയപ്പെടുന്നൊരാളെ പരിഗണിക്കണമെന്ന് നിർദേശമുയർന്നത്. ബിജെപി ജില്ലാ സെക്രട്ടറിയും അടൂർ നഗരസഭ കൗൺസിലറുമായ രൂപേഷ് അടൂർ, ബിജെപി സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്‍റെ സഹോദരനുമായ പന്തളം പ്രതാപൻ എന്നിവരുടെയടക്കം പേരുകളും പട്ടികയിലുണ്ടെങ്കിലും കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക.
ആശാനാഥ് സ്ഥാനാർഥിയായി എത്തിയാൽ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അശയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കളും രംഗത്തുണ്ട്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിച്ച ആശ 30,986 വോട്ട് നേടിയതും പരിഗണിക്കാൻ കാരണമായിട്ടുണ്ട്.
തിരുവനന്തപുരത്ത് 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാപ്പനംകോട് മണ്ഡലത്തിൽ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രൻ ഷോക്കേറ്റു മരിച്ചതിനെ തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി ആശാ നാഥിനെ കളത്തിലിറക്കിയത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആശയെ 2020ലും നിയോഗിച്ച് വിജയം കണ്ടു. പാപ്പനംകോട് വിഭജിച്ച് കരുമം വാർഡ് രൂപപ്പെട്ടപ്പോഴും ആരാണ് സ്ഥാനാർഥി എന്നതിൽ ബിജെപിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. പാർട്ടിയുടെ ആ വിശ്വാസം കാത്ത് മൂന്നാം വട്ടവും കൗൺസിലിലേക്ക് എത്തിയതോടെ ഡപ്യൂട്ടി മേയർ കസേരയും ആശയിലേക്കെത്തി. പിന്നാലെയാണ് അടൂരിലും പേര് ഉയരുന്നത്.
പന്തളം, പന്തളം തെക്കേക്കര, പള്ളിക്കൽ, ഏറത്ത്, അടൂർ നഗരസഭ എന്നിവിടങ്ങളിൽ ഇത്തവണ വോട്ടിൽ വർധനയുണ്ടാക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എൻഡിഎയുടെ വോട്ട് വർധിച്ചിട്ടുണ്ട്.
ജില്ലയിലെ ഏക സംവരണ മണ്ഡലമായ അടൂരിൽ സിപിഐയിലെ പ്രിജി കണ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി. ചിറ്റയം ഗോപകുമാർ തുടർച്ചയായി മൂന്ന് തവണ വിജയിച്ച മണ്ഡലമാണിത്. സിറ്റിങ് സീറ്റ് പ്രിജി കണ്ണനിലൂടെ നിലനിർത്തുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മണ്ഡലത്തിൽ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.