ആരു കടക്കും അമ്പലപ്പുഴ‍?

വർഷങ്ങളോളം ജില്ലയിലെ പാർട്ടിയുടെ അവസാനവാക്കായിരുന്ന "സഖാവ് ജി'യ്‌ക്കെതിരേ വർഗവഞ്ചകനെന്ന ചാപ്പ കുത്തിയാണ് ഇത്തവണ സിപിഎം പോരാട്ടം നയിക്കുന്നത്.
ambalapuzha g. sudhakaran assembly election

ആരു കടക്കും അമ്പലപ്പുഴ‍?

representative image

Updated on

ജിബി സദാശിവൻ

കൊച്ചി: ആറു പതിറ്റാണ്ട് നീണ്ട ശക്തമായ കമ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ചാണ് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥിയായി അങ്കത്തിനിറങ്ങിയത്. വർഷങ്ങളോളം ജില്ലയിലെ പാർട്ടിയുടെ അവസാനവാക്കായിരുന്ന "സഖാവ് ജി'യ്‌ക്കെതിരേ വർഗവഞ്ചകനെന്ന ചാപ്പ കുത്തിയാണ് ഇത്തവണ സിപിഎം പോരാട്ടം നയിക്കുന്നത്.

രാഹുൽ ഗാന്ധിയും സുധാകരനും ഒന്നിച്ചു നിൽക്കുന്നതടക്കം അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിലുണ്ടാകുന്ന അസാധാരണമായ കാഴ്ചകൾ തന്നെയാണ് ഈ മണ്ഡലത്തിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നതും. ആര് ജയിച്ചാലും അത് സിപിഎമ്മിന് ഏറെ നിർണായകമാണ്. പുന്നപ്ര- വയലാർ രക്തരൂഷിത വിപ്ലവ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ സർവ സന്നാഹവും ഒരുക്കിയാണ് പാർട്ടി പുതിയ വർഗവഞ്ചകനെ നേരിടാൻ ഇറങ്ങിയത്.

എന്നാൽ സുധാകരന്‍റെ അഴിമതിവിരുദ്ധ, ജനകീയതയെ മറികടക്കൽ അത്ര എളുപ്പമല്ലെന്ന് യാഥാർഥ്യവും സിപിഎമ്മിനു മുന്നിലുണ്ട്. 1987ൽ ആദ്യ മത്സരത്തിന് അമ്പലപ്പുഴയിൽ ഇറങ്ങിയ അദ്ദേഹം കോൺഗ്രസ് സ്‌ഥാനാർഥി വി. ദിനകരനോട് പരാജയപ്പെട്ടിരുന്നു. 2006ൽ സിറ്റിങ് എംഎൽഎ ആയിരുന്ന ഡി. സുഗതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി, പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2011, 2016 തെരഞ്ഞെടുപ്പുകളിലും സുധാകരൻ മികച്ച വിജയം നേടി. രണ്ടു തവണ മന്ത്രിയുമായി. രാഷ്‌ട്രീയ- ഭരണ രംഗങ്ങളിൽ അതി കർക്കശ്യക്കാരാണെങ്കിലും ജനപ്രീതിക്കും പിന്തുണയ്ക്കും ഒരിടിവും സംഭവിച്ചില്ല. അഴിമതിരഹിതമായ പ്രവർത്തനത്തിലൂടെ ജനപ്രിയ മന്ത്രിയായി. എതിരാളികൾക്കു പോലും അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിൽ ആക്ഷേപമൊന്നും ഉണ്ടായില്ല. കോടികളുടെ അഴിമതിക്ക് പേരുകേട്ട പൊതുമരാമത്ത് വകുപ്പ് വകുപ്പിനെ ഒരു ആരോപണവും കേൾപ്പിക്കാതെയാണ് സുധാകരൻ നയിച്ചത്.

2021ൽ സിപിഎമ്മിലെ മൂന്നു ടേം വ്യവസ്ഥ അനുസരിച്ച് സുധാകരന് സിപിഎം സീറ്റ് നിഷേധിച്ചു. അദ്ദേഹത്തിന്‍റെ പിൻഗാമിയായി എത്തിയ എച്ച്. സലാം മണ്ഡലം നിലനിർത്തി. അതേ സലാം തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ സുധാകരന്‍റെ എതിരാളി എന്നതാണു രസകരം. എംഎൽഎ ആയതിനു ശേഷം സലാം നിരന്തരം തന്നെ അവഗണിക്കാൻ തുടങ്ങിയതോടെ സുധാകരൻ പാർട്ടിയുമായി മാനസികമായി അകന്നു. സലാമിനെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളും അദ്ദേഹം നേരിട്ടു. മന്ത്രി സജി ചെറിയാന്‍റെയും എച്ച്. സലാമിന്‍റെയും സിപിഎം ജില്ലാ സെക്രട്ടറി നാസറിന്‍റെയും നേതൃത്വത്തിൽ ശക്തമായ ഒരു സംഘം സുധാകരനെതിരേ നിരന്തരം ഒളിയുദ്ധം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സുധാകരൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സുധാകരനെ ഗൗനിച്ചില്ല. ഏറ്റവും ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന പൊട്ടിത്തെറിയിലേക്ക് എത്തുകയും ചെയ്തു. പക്ഷേ അപ്പോഴും അദ്ദേഹം ഈ പ്രായത്തിൽ തെരഞ്ഞെടുപ്പു മത്സര രംഗത്തേക്ക് വരുമെന്ന് ആരും കരുതിയിരുന്നില്ല. തെരഞ്ഞെടുപ്പ് മാനെജ്‌മെന്‍റിൽ സുധാകരന്‍റെ തന്ത്രങ്ങളും കഴിവുകളും നന്നായി അറിയാവുന്ന പാർട്ടി അതീവ കരുതലോടെയാണ് തന്ത്രങ്ങൾ പയറ്റുന്നത്.

മണ്ഡലം നിലവിൽ വന്ന ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയിച്ചത് ഇടതുമുന്നണിയാണ്. എന്നാൽ യുഡിഎഫിന് ശക്തമായും വോട്ട്ബാങ്ക് ഉള്ള മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. 2021 ലെ തെരഞ്ഞെടുപ്പിൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സലാം വിജയിച്ചത്. ആലപ്പുഴ നഗരസഭയുടെ പകുതി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ മണ്ഡലം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മേൽക്കൈ. മികച്ച ലീഡ് നിലനിർത്താനും യുഡിഎഫിന് കഴിഞ്ഞു.

യുഡിഎഫ് വോട്ടുകൾക്കൊപ്പം സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെയും ബിജെപിയുടെയും വോട്ടുകൾ കൂടി തനിക്കു ലഭിക്കുമെന്നാണ് സുധാകരന്‍റെ പ്രതീക്ഷ. പിണറായി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് സിപിഎം പ്രചാരണം. പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയ വർഗവഞ്ചകനാണ് സുധാകരാണെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ശോഭ സുരേന്ദ്രന്‍റെ മുന്നേറ്റം ബിജെപിക്കും ആത്മവിശ്വാസം നൽകുന്നു. യുവ നേതാവും ബിജെപി ജില്ലാ ഉപാധ്യക്ഷനുമായ അരുൺ അനിരുദ്ധനെയാണ് എൻഡിഎയ്ക്ക് വേണ്ടി ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

സ്‌ഥാനാർഥികൾ:

ജി. സുധാകരൻ (യുഡിഎഫ്)

എച്ച്. സലാം (എൽഡിഎഫ്)

അരുൺ അനിരുദ്ധൻ (എൻഡിഎ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com