

വികസന പാതയിൽ കൈപിടിച്ച് മുന്നോട്ട്
പ്രൊഫ. കെ.വി. തോമസ്
2026 മെയ് 4 തിങ്കൾ കേരളത്തിന്‍റെ രാഷ്‌ട്രീയ ഭാവി നിർണയിക്കുന്ന സുപ്രധാന ദിനമാണ്. മൂന്നു മുന്നണികൾ അതിശക്തമായാണ് ഇത്തവണ ജനവിധി തേടിയത്. പത്തുവർഷമായി പിണറായി വിജയൻ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി, 2016 മുതൽ 2021 വരെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും തുടർന്ന് വി.ഡി. സതീശനും നയിച്ച ഐക്യജനാധിപത്യ മുന്നണി, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം- ഇവർക്കെല്ലാം ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
ഇടതു മുന്നണിക്ക് തുടർഭരണം ലഭിച്ചാൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു വലിയ അംഗീകാരമായിരിക്കും. ഒരുകാലത്ത് കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ അധികാരം കൈവശം വച്ചിരുന്ന ഇടതുപക്ഷം ഇന്നു കേരളത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ദേശീയതലത്തിൽ കൂടുതൽ രാഷ്‌ട്രീയ കരുത്തും അംഗീകാരവും നേടണമെങ്കിൽ ഇടതു മുന്നണിക്കു കേരളത്തിലെ വിജയം അനിവാര്യമാണ്.
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കേരളത്തിലെ വിജയവും ദേശീയ തലത്തിൽ പ്രാധാന്യമർഹിക്കുന്നു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിനും ഇനി ഭരണമില്ലാതെ മുന്നോട്ടു നീങ്ങാനാവില്ല. അതേസമയം, എൻഡിഎയ്ക്ക് കേരളത്തിൽ ശക്തമായ വേരുറപ്പിക്കൽ ഇന്നും വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനകീയ അംഗീകാരം നേടാനായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ദേശീയ - പ്രാദേശിക അച്ചടി, ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും തങ്ങളുടെ കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് ശക്തമായി എത്തിക്കാനുള്ള ശ്രമത്തിലാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വിവിധ ഏജൻസികളുടെ ഇടപെടൽ ഈ തെരഞ്ഞെടുപ്പിൽ കൂടുതലായി കാണപ്പെട്ടു. ""പെയ്ഡ് ഏജൻസി''കളിലൂടെ സമൂഹ മാധ്യമങ്ങളിലും പ്രിന്‍റ്, ഡിജിറ്റൽ മാധ്യമങ്ങളിലും വ്യത്യസ്ത തെരഞ്ഞെടുപ്പ് കഥകൾ സജീവമായി. മൂന്നു മുന്നണികളും ആവേശത്തോടെ ജനങ്ങളിലേക്കിറങ്ങി. എൽഡിഎഫും യുഡിഎഫും നൂറിലധികം സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടപ്പോൾ, ബിജെപി 5 മുതൽ 10 വരെ സീറ്റുകൾ നേടി നിർണായക ശക്തിയാകുമെന്ന് പ്രവചിച്ചു. ചാനലുകളിൽ കടുത്ത വാദപ്രതിവാദങ്ങളും ചോദ്യോത്തരങ്ങളും അരങ്ങേറി.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളും പ്രവർത്തനങ്ങളും നിയമപരമായിത്തന്നെ നിരോധിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും വിവിധ മാധ്യമ ഏജൻസികൾ രാഷ്‌ട്രീയ സ്വാധീനത്തിന് വശംവദരായി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങൾ പോലും വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിൽ പുറത്തുവിട്ടു. രാഷ്‌ട്രീയ പാർട്ടികൾ കോടികൾ ചെലവഴിച്ച് പരസ്യങ്ങൾ, ബാനറുകൾ, പ്രചാരണങ്ങൾ എന്നിവ വ്യാപകമാക്കി. മറ്റു സംസ്ഥാനങ്ങളിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പൂർണ പേജ് പരസ്യങ്ങൾ കേരള മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങളെ സ്വാധീനിക്കാനായിരുന്നു ഇത്.
ഔദ്യോഗിക പ്രചാരണം കുറച്ചുദിവസങ്ങൾ മാത്രമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുമ്പും ശേഷവും വോട്ടിങ് ദിവസം വരെയും എല്ലാ മാർഗങ്ങളും പാർട്ടികൾ പ്രയോജനപ്പെടുത്തി. വാഗ്ദാനങ്ങളുടെ പെരുമഴയും കോടികൾ ചെലവഴിച്ച പ്രീ- പോൾ സർവേകളും ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയായി മാറി.
തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു മാസത്തോളം കാത്തിരുന്ന സന്ദർഭങ്ങളിൽ ആരു മുഖ്യമന്ത്രിയാകും എന്ന പ്രചാരണങ്ങളാണ് കോൺഗ്രസിൽ നടന്നത്. അവസാനം, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആര് മുഖ്യമന്ത്രിയാകും എന്നത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു പറഞ്ഞപ്പോൾ എല്ലാവർക്കും മനസിലായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെയാണ് എല്ലാം തീരുമാനിക്കുന്നതെന്ന്.
2016ൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയ്ക്ക് 2021ൽ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി ആഗ്രഹം വീണ്ടും ശക്തമായി ഉയർന്നുവന്നു. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബുദ്ധിപരമായി ""ടീം യുഡിഎഫ് '' എന്ന ആശയം മുന്നോട്ടുവച്ച് ഘടകകക്ഷികളെ ഏകോപിപ്പിച്ചു, അവരെക്കൊണ്ട് തനിക്കു വേണ്ടി ശബ്ദിപ്പിക്കുന്നതിൽ വിജയിച്ചു. അതുകൊണ്ടാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.ജെ. ജോസഫും ഷിബു ബേബി ജോണും ഉൾപ്പെയെടുള്ള ടീം ശക്തമായി സതീശന് പിന്തുണ നൽകിയത്.
എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകും എന്നതിൽ തർക്കമില്ലാത്തതിനാൽ ഇടതു മുന്നണിയിൽ മുഖ്യമന്ത്രിയെച്ചൊല്ലി ആഭ്യന്തര കലഹങ്ങൾ ഉണ്ടായിട്ടില്ല.
29ന് കേരളം, അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ നാലു സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പ്രധാന ഏജൻസികളുടെയെല്ലാം പഠനമനുസരിച്ച് കേരളത്തിൽ യുഡിഎഫിന് അൽപം മുൻതൂക്കം ലഭിക്കും. പക്ഷേ യുഡിഎഫിനോ എൽഡിഎഫിനോ 100 സീറ്റു വരെ കിട്ടുമെന്ന് ഈ എക്സിറ്റ് പോളുകളിലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. യുഡിഎഫിന് 75 മുതൽ 90 വരെ സീറ്റുകളും എൽഡിഎഫിന് 49 മുതൽ 68 വരെ സീറ്റുകളും ലഭിക്കാമെന്നാണു വിവിധ എക്സിറ്റ് പോൾ കണക്കുകൾ. യുഡിഎഫും എൽഡിഎഫും തമ്മിൽ ഒരു ശതമാനം വോട്ടിന്‍റെ വ്യത്യാസമേയുള്ളൂ.
ഇത് സൂചിപ്പിക്കുന്നത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സന്ദർഭത്തിലും വോട്ടെടുപ്പു നടന്ന ശേഷം കേരളത്തിൽ ഒരു ഇടത് വിരുദ്ധ തരംഗം ഉണ്ടായില്ല എന്നതാണ്. മുഖ്യമന്ത്രിക്കെതിരേ ജനവികാരം ഉണ്ടെന്ന് പറഞ്ഞവർക്കും നിശബ്ദരാകേണ്ടിവന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയാണ് എക്സിറ്റ് പോളുകളിൽ മുൻപന്തിയിൽ, വി.ഡി. സതീശൻ രണ്ടാമതും.
വലിയ പ്രതീക്ഷയോടെയാണ് കേരള ജനത മെയ് 4ലെ അന്തിമ ഫലം കാത്തിരിക്കുന്നത്. ആരാണു ജയിക്കുന്നത് എന്നതിനേക്കാൾ പ്രധാനമാണ് സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾ തുടരണം എന്നത്. ദേശീയ പാതകൾ, മെട്രൊ റെയിൽ, അതിവേഗ റെയ്ൽ പാതകൾ, ഉയർന്ന ആരോഗ്യരംഗം, മെച്ചപ്പെട്ട വിദ്യാഭ്യാസ മേഖല-ഇവയെല്ലാം നമ്മുടെ പ്രധാന ലക്ഷ്യങ്ങളാണ്. തെരഞ്ഞെടുപ്പു കാലഘട്ടത്തിൽ ഓരോ മുന്നണിയും നൽകിയ വാഗ്ദാനങ്ങൾ വിസ്മരിക്കരുത്. 1956 മുതൽ ആരംഭിച്ച വികസന പാത തുടരണം. ആദ്യ ഇ.എം.എസ് മന്ത്രിസഭ മുതൽ വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സാമൂഹ്യക്ഷേമം, ആരോഗ്യരംഗം എന്നിവയിൽ കേരളം രാജ്യത്തിനു മാതൃകയായി മാറിയിട്ടുണ്ട്.
ഫലം എന്തായാലും പരസ്പര സഹകരണത്തോടെ തന്നെ ഇനിയും എല്ലാവരും മുന്നോട്ടുപോകണം. കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട ന്യായമായ സഹായങ്ങൾ ഉറപ്പാക്കുകയും ആഗോള സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനുള്ള പുതിയ വികസന മാർഗങ്ങൾ തേടുകയും വേണം. ഭരണകക്ഷികളും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കുന്ന രാഷ്‌ട്രീയ സംസ്കാരം ശക്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ആവശ്യം. ഫെഡറലിസം ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും കഴിയണം.
(മുൻ കേന്ദ്ര- സംസ്ഥാന മന്ത്രിയും നിലവിൽ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമാണു ലേഖകൻ).