

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാർ
ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ. സംസ്ഥാനത്ത് 140 സീറ്റുകളിലേക്കും ഏപ്രിൽ 9ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടത്തും.
മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറാണ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. കേരളത്തിനു പുറമേ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പു നടത്തും. പുതുച്ചേരിയിലും അസമിലും ഏപ്രിൽ 9നു തന്നെയാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ ഏപ്രിൽ 23ന് തെരഞ്ഞെടുപ്പു നടത്തും. പശ്ചിമബംഗാളിൽ രണ്ട് ഘട്ടങ്ങളിലായിഏപ്രിൽ 23, 29 തീയതികളിലാണ് വോട്ടെടുപ്പു നടത്തുക. എല്ലാ സംസ്ഥാനങ്ങളിലും മേയ് 4നു തന്നെയാണ് ഫലപ്രഖ്യാപനം.
എട്ട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.ഇതോടെ അഞ്ചിടത്തും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.
കേരളത്തിൽ 2.70 കോടി വോട്ടർമാരാണ് വിധിയെഴുതുക. 30,471 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. 4.24 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണ വോട്ട് രേഖപ്പെടുത്തും. മാർച്ച് 23 വരെയാണ് പത്രിക സമർപ്പിക്കാൻ സമയം നൽകിയിരിക്കുന്നത്. മാർച്ച് 24നാണ് സൂക്ഷ്മ പരിശോധന. വെറും 23 ദിവസം മാത്രമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിന് സമയം ലഭിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കും തമിഴ്നാട്ടിൽ 234 സീറ്റുകളിലേക്കും അസമിൽ 126 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.