kerala by poll special story
ഉപതെരഞ്ഞെടുപ്പ്: മൂവർക്കും നിർണായകം

ഉപതെരഞ്ഞെടുപ്പ്: മൂവർക്കും നിർണായകം

പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിക്ക് ഇത്തവണയും പാലക്കാട് കാലിടറിയാൽ അത് കനത്ത തിരിച്ചടിയാവും.
Published on

എം.ബി.സന്തോഷ്

തിരുവനന്തപുരം:വയനാട് ലോക്സഭയിലേക്കും പാലക്കാട്, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ നിർണായകം. വയനാടും പാലക്കാടും കോൺഗ്രസിനും ചേലക്കര സിപിഎമ്മിനും നിലനിർത്തിയേ മതിയാവൂ. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിക്ക് ഇത്തവണയും പാലക്കാട് കാലിടറിയാൽ അത് കനത്ത തിരിച്ചടിയാവും.

വയനാട്ടിൽ കോൺഗ്രസിന്‍റെ പ്രിയങ്കാഗാന്ധി ജയിക്കുമെന്നതിൽ സംശയമില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷത്തിൽ കുറയാതെ നോക്കുകയാണ് വെല്ലുവിളി. സൗഹാർദമത്സരമേ ഇവിടെ എൽഡിഎഫിന്‍റെ സിപിഐ സ്ഥാനാർഥിയിൽനിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.

എന്നാൽ, അതല്ല പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥിതി. കോൺഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയെ സിപിഎം കോട്ടയാക്കി മാറ്റിയത് കെ.രാധാകൃഷ്ണനാണ്. അദ്ദേഹം മാറിനിന്ന തെരഞ്ഞെടുപ്പിൽ യു ആർ പ്രദീപ് പതിനായിരത്തിലേറെ വോട്ടിനാണ് ജയിച്ചത്.കഴിഞ്ഞ തവണ രാധാകൃഷ്ണൻ 39400 വോട്ടിന്‍റെ ഭീരിപക്ഷം നേടിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ 5173 വോട്ടിന്‍റെ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കളായ എം എ കുട്ടപ്പനും എം പി താമിയും കെ കെ ബാലകൃഷ്ണനുമൊക്കെ മുമ്പ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു കയറിയ ചേലക്കര പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ബിജെപിക്ക് ഇവിടെ കാൽ ലക്ഷത്തോളം വോട്ടുണ്ട്.

പാലക്കാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് -ബിജെപി പോരാട്ടമായിരുന്നു. ഷാഫി പറമ്പില്‍ നേടിയ ഹാട്രിക് വിജയത്തെ കൂടുതല്‍ തിളക്കത്തോടെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നിലുള്ള വെല്ലുവിളി.കഴിഞ്ഞ തവണ ഇ.ശ്രീധരന്‍റെ സ്ഥാനാർഥിത്വത്തോടെ കപ്പിനും ചുണ്ടിനുമിടയിൽ 3,859 വോട്ടിന്‍റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ജയം പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ദൗത്യം.അന്ന് മൂന്നാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 36,433 വോട്ടാണ് ലഭിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - 52779 ,ബിജെപി - 43072, സിപിഎം - 34640 എന്നിങ്ങനെയാണ് വോട്ട് നില.കാൽനൂറ്റാണ്ടിനിടയിൽ 2006ൽ കെ.കെ ദിവാകരൻ 1300 വോട്ടിന് ജയിച്ചതാണ് സിപിഎമ്മിന് ആകെയുള്ള ആശ്വാസം.

പാലക്കാട് നിലനിർത്തി ചേലക്കര പിടിച്ചെടുത്താൽ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയരും.ചേലക്കര നിലനിർത്താനും പാലക്കാട് പിടിച്ചെടുക്കാനും കഴിഞ്ഞാൽ മൂന്നാം തുടർഭരണം എൽഡിഎഫിന് പ്രതീക്ഷിക്കാം. പാർലമെന്‍റിൽ തൃശൂരിൽ കുറിച്ച അക്കൗണ്ട് പാലക്കാട് വഴി നിയമസഭയിലേക്കും എത്തിക്കാനായാൽ ബിജെപി കേരളത്തിൽ പിടിമുറുക്കുമെന്നുറപ്പ്.

സാധ്യതാ സ്ഥാനാർഥികൾ

ചേലക്കര - യു.ആർ.പ്രദീപ് (സിപിഎം),ഡോ. ടി.എന്‍. സരസു(ബിജെപി)

പാലക്കാട് - സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാർ,ശോഭ സുരേന്ദ്രൻ,നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍,വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്‍റ് കെ.എ. ഹരിദാസ്(ബിജെപി),പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോൾ , പാലക്കാട് മുൻ എംഎൽഎ ടി.കെ.നൗഷാദ്,ഡിവൈഎഫ്‌ഐ പാലക്കാട് ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി സഫ്ദർ ഷെരീഫ്(സിപിഎം)

logo
Metro Vaartha
www.metrovaartha.com