

കുതിച്ചുയർന്ന് പോളിങ്; സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ ക്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. ബൂത്തുകളിൽ വരി നിൽക്കുന്നവർക്ക് മാത്രമാണ് ഇനി വോട്ടു രേഖപ്പെടുത്താൻ സാധിക്കുക. നിരവധിമണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം കവിഞ്ഞു. നിലവിൽ സംസ്ഥാനത്ത് 75.1 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
അന്തിമ കണക്കുകൾ ലഭിക്കുന്നതോടെ പോളിങ് 90 ശതമാനം വരെ ആകാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.
കുന്നത്തുനാട് , കുന്നമംഗലം, ചിറ്റൂർ , അരൂർ മണ്ഡലങ്ങളിലാണ് പോളിങ് 80 ശതമാനം കടന്നത്.
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന അസമിലും പുതുച്ചേരിയിലും വൻ പോളിങ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാന കണക്കുകൾ പ്രകാരം അസമിൽ 75.91 ശതമാനം പേരും പുതുച്ചേരിയിൽ 72.40 പേരും വോട്ടു രേഖപ്പെടുത്തി.