വിശ്വാസം വിടാതെ എൽഡിഎഫ്, എക്സിറ്റ് പോളിനും മുകളിലെന്ന് യുഡിഎഫ്

എക്സിറ്റ് പോൾ കണക്കുകൾ ചൂടേറുമ്പോൾ; വിശ്വാസം വിടാതെ എൽഡിഎഫ്, ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്
LDF, UDF, NDA expectations Kerala

എക്സിറ്റ് പോൾ ഭൂരിപക്ഷം പോരെന്ന് യുഡിഎഫ്, ഭരണം തുടരുമെന്ന് എൽഡിഎഫ്.

Representative image

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പോടെ അവസാനിച്ച രാഷ്ട്രീയ ചർച്ചകളും വാക്പോരുകളും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ വീണ്ടും സജീവമായി. ഭൂരിഭാഗം സർവേകളും തങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ യുഡിഎഫും, പ്രവചനങ്ങളെ പാടെ തള്ളിക്കളഞ്ഞ് എൽഡിഎഫും കൂടുതൽ സീറ്റുകളെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തെത്തിയപ്പോൾ സമൂഹ്യമാധ്യമങ്ങളിലും എക്സിറ്റ്പോൾ ഫലങ്ങളെ ഏറ്റെടുത്ത് ചർച്ചകൾ കൊഴുക്കുകയാണ്.

നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് നേതാക്കൾ പ്രത്യാശ പ്രകടിപ്പിക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. എക്സിറ്റ് പോൾ തള്ളുന്ന എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഫലങ്ങൾ സ്വീകരിക്കാനാവില്ലെന്നും പറയുന്നു. എക്സിറ്റ്പോളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ഇത് യാഥാർഥ്യത്തിൽനിന്ന് വ്യത്യസ്തമാണെന്നും പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥികൂടിയായ ടി.പി. പ്രതികരിച്ചു.

പാർട്ടിക്ക് ഒരു വിശകലനമുണ്ട്. അത് പുറത്ത് പറയാനാവില്ല. ഭരണമാറ്റം വേണമെന്ന് പറയുന്നവർ എന്തിന്‍റെ അടിസ്ഥാനത്തിൽ വേണം എന്നത് വിശദമാക്കണം. എക്‌സിറ്റ് പോൾ കണക്കുകൂട്ടലിൽ തെറ്റ് വരുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

80 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്ന് മുൻ കെപിസിസി അധ്യക്ഷനും വട്ടിയൂർക്കാവിലെ സ്ഥാനാർഥിയുമായ കെ. മുരളീധരൻ പറഞ്ഞു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പാർട്ടിയുടെ കണക്കുകൂട്ടലുകളെ ശരിവെക്കുന്നതാണ്. യുഡിഎഫിന്‍റെ ആഭ്യന്തര കണക്കുകൾ പ്രകാരം 80-90 സീറ്റുകൾ ലഭിക്കും. ഇതിൽ വട്ടിയൂർക്കാവ് മണ്ഡലവും ഉൾപ്പെടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാർട്ടി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല. എൽഡിഎഫ് പരാജയപ്പെട്ടാൽ പിന്നെ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന മുൻതൂക്കത്തിൽ പ്രസക്തിയില്ല. യുഡിഎഫ് വിജയിച്ചാൽ അതിന്‍റെ പൂർണമായ ക്രെഡിറ്റ് 'ടീം യുഡിഎഫി'നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്ന് മതൽ അഞ്ച് സീറ്റുവരെ നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം ഉറപ്പെന്ന് മുൻ ബിജെപി അധ്യക്ഷനും മഞ്ചേശ്വരം സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അതേസമയം, എക്സിറ്റ് പോളുകളിൽ കാര്യമില്ലെന്നും എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും മന്ത്രിയും ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ലെന്നും മുസ്ലിം വോട്ട് 50 ശതമാനത്തിൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് സർവകാല വോട്ട് റെക്കോഡ് നേടി വിജയിക്കുമെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

എന്നാൽ, ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്‍റെ വെല്ലുവിളിയും കേരളം കണ്ടു. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

പ്രതീക്ഷകളും വെല്ലുവിളികളുമായി പാർട്ടി നേതാക്കൾ സജീവമാകുമ്പോൾ ഭരണം ആർക്കെന്നറിയാൻ വെറും രണ്ട് ദിനങ്ങൾ മാത്രം. അതിനിടെ, മന്ത്രിമന്ദിരങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമൊക്കെ ജീവനക്കാരും ഒഴിഞ്ഞു തുടങ്ങി.

logo
Metro Vaartha
www.metrovaartha.com