'സതീശനിസം'- പാർലമെന്‍റ് മുതൽ പഞ്ചായത്ത് വരെ

'സതീശനിസം' ഇനിയും അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അനുയായികൾ.
local body election udf victory credit to v d satheesan

'സതീശനിസം'- പാർലമെന്‍റ് മുതൽ പഞ്ചായത്ത് വരെ

MV graphics AI Image

Updated on
Summary

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാടുകളും പാർട്ടിയുടെ കെട്ടുറപ്പുമാണ് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ പാർട്ടിയിലേക്ക് വിജയത്തിലേക്ക് നയിച്ച സതീശനിസം ഇത്തവണയും വിജയത്തിന്‍റെ മധുരം രുചിച്ചിരിക്കുന്നു.

നീതു ചന്ദ്രൻ

തകർന്നടിഞ്ഞിടത്ത് നിന്ന് എതിരാളികൾക്ക് കണക്കുകൂട്ടാൻ പോലുമാകാത്തത്ര ശക്തിയോടെയാണ് യുഡിഎഫ് ഉ‍യിർത്തെഴുന്നേറ്റിരിക്കുന്നത്. എത്ര വലിയ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചാലും പൊതുവേ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകൾ പോലും ഇത്തവണ യുഡിഎഫിലേക്ക് ചാഞ്ഞിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ കേരളത്തെ ഒപ്പം നിർത്തി വെന്നിക്കൊടി പാറിക്കുമ്പോൾ, 'സതീശനിസം' ഇനിയും അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അനുയായികൾ.

ഒരിക്കൽ കൈവിട്ടു പോയ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും, ദശാബ്ദങ്ങളോളമായി ഇടതുകോട്ടയെന്നറിയപ്പെടുന്ന പഞ്ചായത്തുകളും കൈപ്പിടിയിലൊതുക്കുമ്പോൾ, പ്രതിപക്ഷത്തെ ശരിയായ വഴിയിലൂടെ നയിക്കുന്നതിൽ സതീശൻ വിജയിച്ചുവെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കും.

വിജയത്തിനു കാരണം ടീം യുഡിഎഫ് ആണെന്ന് സതീശൻ ആവർത്തിക്കുമ്പോഴും, സതീശൻ എടുത്ത നിലപാടുകൾ യുഡിഎഫിനെ വീണ്ടും വിജയപാതയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒട്ടും ജനകീയനല്ലാത്തൊരു കെപിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിലാണ് ഇത്തവണ യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിന് കച്ചകെട്ടിയിറങ്ങിയത്. പതിവു പോലെ സർക്കാരിന്‍റെ വീഴ്ചകളും അഴിമതി ആരോപണങ്ങളും തന്നെയായിരുന്നു യുഡിഎഫിന്‍റെ തുറുപ്പു ചീട്ട്.

ഒരു പക്ഷേ, തദ്ദേശതെരഞ്ഞെടുപ്പിനെ അപ്പാടെ വിഴുങ്ങിയേക്കാമെന്ന കരുതിയിരുന്ന വിഷയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ഉയർന്നു വന്ന ബലാത്സംഗ പരാതി. മറ്റേതു പാർട്ടിയാണെങ്കിലും വലിയ പ്രതിസന്ധിയിലാകുമായിരുന്ന ഗുരുതരമായ കേസായിരുന്നു രാഹുലിന്‍റേത്. പക്ഷേ, കൃത്യവും ശക്തവുമായ നിലപാടുകളിലൂടെ യുഡിഎഫ് തുടക്കത്തിൽ തന്നെ രാഹുൽ വിഷയത്തിന്‍റെ മുന പാർട്ടിയിലേക്ക് നീളാതെ തടഞ്ഞു.

രാഹുലിനെതിരേ ആദ്യ ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസിന്‍റെ ചുമതലയിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയായിരുന്നു കോൺഗ്രസ് കരുനീക്കിയത്. കുറച്ചു കാലം നീണ്ട മൗനത്തിനു ശേഷം ഔദ്യോഗികമായി പരാതി കൈമാറിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. പാർട്ടിക്കു ലഭിച്ച പരാതി അന്വേഷിക്കാൻ പാർട്ടി കമ്മിറ്റിയെ നിയോഗിക്കാതെ ഡിജിപിക്കു കൈമാറിയതോടെ കോൺഗ്രസ് വീണ്ടും ആരോപണങ്ങളുടെ മുനയൊടിച്ചു. രാഹുലിനെതിരേ കേസെടുത്തതിനു പിന്നാലെ, പ്രാഥമിക അംഗത്വത്തിൽ നിന്നു തന്നെ പുറത്താക്കി അന്ത്യകർമവും കുറിച്ചു.

എംഎൽഎ പദവി രാജി വയ്ക്കുക എന്നത് രാഹുലിന്‍റെ മാത്രം ധാർമിക ഉത്തരവാദിത്വമാണെന്ന നിലപാടായിരുന്നു വി.ഡി. സതീശന്‍റേത്. അക്കാര്യം മാധ്യമങ്ങൾക്കു മുൻപിൽ തുറന്നു പറയാനും പ്രതിപക്ഷ നേതാവ് മടിച്ചില്ല. തെരഞ്ഞെടുപ്പിൽ ഉടനീളം പിന്തുടരാമായിരുന്ന പ്രശ്നത്തെ വേരോടെ തന്നെ അറുത്തു മാറ്റിയതോടെ തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായി. പാർട്ടി നേതാക്കളെല്ലാം നിലപാടിൽ ഉറച്ചു നിന്നതോടെ രാഹുൽ വിഷയം കോൺഗ്രസിനെ ഏശാതെയായി.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പരസ്പരം പോരടിക്കുന്ന കോൺഗ്രസ് നേതാക്കളെ ഇത്തവണ കാണാനേയില്ലായിരുന്നു എന്നു തന്നെ പറയാം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വാഭാവികമായുള്ള പാർട്ടി മാറ്റങ്ങൾ മാറ്റി നിർത്തിയാൽ കോൺഗ്രസിൽ ഒത്തൊരുമ ഉറപ്പാക്കുന്നതിൽ സതീശൻ വിജയിച്ചു. പല വഴികളിലേക്ക് ചിന്നിച്ചിതറാതെ സർക്കാരിന്‍റെ വീഴ്ചകളെ ഓരോന്നിനെയും എണ്ണിയെണ്ണി ചൂണ്ടിക്കാണിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പതിവു പോലെ ക്ഷേമപെൻഷനിലേക്ക് എൽഡിഎഫ് അവകാശവാദം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ മറവിയിലേക്ക് തള്ളാതെ പ്രതിപക്ഷം സജീവമായി നിലനിർത്തി.

അനാവശ്യ പ്രസ്താവനകളിൽ നിന്നും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്ന് പൂർണമായും സർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു സതീശന്‍റെ പ്രവർത്തന രീതി. കെ. സുധാകരൻ പാർട്ടി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നപ്പോൾ നിലനിന്നിരുന്ന ചില്ലറ കല്ലുകടികൾ പുതിയ അധ്യക്ഷൻ വന്നതോടെ ഇല്ലാതായതും സതീശന്‍റെ പ്രവർത്തനത്തെ കൂടുതൽ സുഗമമാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കണിശമായ നിലപാടുകൾ തന്നെയാണ് സതീശൻ പിന്തുടർന്നു പോന്നത്. ഉപതെരഞ്ഞെടുപ്പിൽ തന്‍റെ തീരുമാനങ്ങൾ ശരിയാണെന്നു തെളിയിക്കാൻ സതീശന് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ആ വിജയം ആവർത്തിച്ചിരിക്കുന്നു.

കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുകയാണ്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രിസ്ഥാനാർഥിയാകാൻ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടൂർ പ്രകാശും അടക്കമുള്ളവർ കച്ചമുറുക്കുന്നുണ്ട്. അവരെയെല്ലാം വള്ളപ്പാടുകൾക്കു പിന്നിലാക്കാനും സംസ്ഥാനത്തെ ലൗഡായ പ്രവർത്തനങ്ങളിലൂടെ വി.ഡി. സതീശനു സാധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com