

'കൈ' പിടിച്ച് കേരളം; 'കാവി'യണിഞ്ഞ് തിരുവനന്തപുരം
MV graphics, AI image
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന് കേരളം. ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ ഇത്തവണ യുഡിഎഫിനൊപ്പം നിന്നപ്പോൾ എൽഡിഎഫ് പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടു. അതേ സമയം തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ അമ്പരിപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 441 സീറ്റുകളുമായാണ് യുഡിഎഫ് മുന്നേറുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ മുന്നിട്ടു നിന്ന എൽഡിഎഫ് 372ലേക്ക് പിന്തള്ളപ്പെട്ടു. 26 പഞ്ചായത്തുകളാണ് എൻഡിഎക്ക് ഒപ്പം നിന്നിരിക്കുന്നത്. 82 പഞ്ചായത്തുകളിൽ സമനിലയാണുള്ളത്. 13 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് കുതിപ്പാണ്. 81 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 62 ബ്ലോക്കുകളിലാണ് എൽഡിഎഫിന്‍റെ മുന്നേറ്റം. 9 ബ്ലോക്കുകളിൽ തുല്യമായി മുന്നേറുകയാണ്. എൻഡിഎ ബ്ലോക്കുകളിൽ സാന്നിധ്യമറിയിച്ചിട്ടില്ല,
ജില്ലാ പഞ്ചായത്തിൽ എട്ടും യുഡിഎഫിന്‍റെ കൈക്കുമ്പിളിലാണ്. ആറ് ജില്ലകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്.
54 മിനിസിപ്പാലിറ്റിയും 4 കോർപ്പറേഷനും യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ 29 മുനിസിപ്പാലിറ്റികളും ഒരു കോർപ്പറേഷനും മാത്രമാണ് എൽഡിഎഫിന് അനുകൂലം. 2 മുനിസിപ്പാലിറ്റികളിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ അതിശക്തമായ മുന്നേറ്റമാണ് കാഴ്ച വച്ചിരിക്കുന്നത്.