

മമത ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്ന് മമത ബാനർജി. രാജി സമർപ്പിക്കാൻ താൻ ഒരുക്കമല്ലെന്നും ബിജെപി സീറ്റുകൾ മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. ഞാൻ പരാജയപ്പെട്ടിട്ടില്ല, അതു കൊണ്ട് ഞാൻ രാജ് ഭവനിലേക്ക് പോകേണ്ടതുമില്ല. ഞാൻ രാജി സമർപ്പിക്കില്ലെന്നും മമത മാധ്യമപ്രവർത്തരോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ 100 സീറ്റുകളോളം ബിജെപി മോഷ്ടിച്ചുവെന്നാണ് മമതയുടെ ആരോപണം.
ഇങ്ങനെയല്ല ജനാധിപത്യം പ്രവർത്തിക്കുന്നത്. നിയമവ്യവസ്ഥ ഇല്ലാതാകുമ്പോൾ, തെരഞ്ഞെടുപ്പു കമ്മിഷൻ പക്ഷപാതപരമായി പെരുമാറുമ്പോൾ, തെറ്റായ സന്ദേശമാണ് ലോകത്തിനു ലഭിക്കുന്നതെന്നും മമത പറഞ്ഞു. തന്‍റെ യഥാർഥ ശത്രുക്കൾ ബിജെപി ആയിരുന്നില്ല പകരം തെരഞ്ഞെടുപ്പു കമ്മിഷൻ ആയിരുന്നുവെന്നും മമത ആരോപിച്ചിരുന്നു.
ഇങ്ങനെ തന്നെയാണ് അവർ മഹാരാഷ്ട്രയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പുകളിൽ മോഷണം നടത്തിയത്. ഇപ്പോഴതു തന്നെ ബംഗാളിലും സംഭവിച്ചിരിക്കുന്നു. വരുന്ന ദിവസങ്ങളിൽ പാർട്ടി എന്തു നീക്കമാണ് നടത്തുകയെന്ന് വെളിപ്പെടുത്താനും മമത തയാറായിട്ടില്ല.