
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്‍റെ വിധി നിർണയിക്കുന്നത് പഞ്ചായത്തുകളുടെ മനസ്. അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ , വഴിക്കടവ് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. ഇതിൽ അമരമ്പലം, കരുളായി പഞ്ചായത്തിലാണ് എൽഡിഎഫ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. 19 റൗണ്ടായാണ് വോട്ടെണ്ണൽ പൂർത്തിയാക്കുക. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഫലം വ്യക്തമാകും.
2021ൽ എൽഡിഎഫ് സ്ഥാനാർഥിയായി അൻവർ മത്സരിച്ചപ്പോൾ അമരമ്പലം പഞ്ചായത്തിൽ നിന്ന് 1492 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ അതിലേറെ നേടണമെന്നാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. കരുളായി പഞ്ചായത്തിൽ നിന്ന് 1446 വോട്ടിന്‍റെ ലീഡാണ് നേടിയിരുന്നത്.
മുൻ വർഷങ്ങളിൽ ഇടതു സ്വതന്ത്രനായാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ എം. സ്വരാജ് അരിവാൾ ചുറ്റിക നക്ഷത്രമെന്ന പാർട്ടിയുടെ സ്വന്തം ചിഹ്നത്തോടെയാണ് മത്സരരംഗത്തെത്തിയിരിക്കുന്നത്. വലിയ ലീഡ് പ്രതീക്ഷിക്കുന്നില്ലെങ്കിലും പോത്തുകല്ല് പഞ്ചായത്തും നിലമ്പൂർ നഗരസഭയും എൽഡിഎഫിന്‍റെ പ്രതീക്ഷകളിൽ ഉണ്ട്.
വഴിക്കടവ് പഞ്ചായത്ത് കോൺഗ്രസിനൊപ്പമാണ്. 2021ൽ ഇവിടെ നിന്ന് അൻവറിന് വെറും 35 വോട്ടിന്‍റെ ലീഡാണ് നേടാൻ സാധിച്ചത്. ഇത്തവണ യുഡിഎഫ് ഇവിടെ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. മൂത്തടം പഞ്ചായത്തും കോൺഗ്രസിന്‍റെ കോട്ടയാണ്. ഇവിടെ നിന്ന് 2021ൽ 2331 വോട്ടിന്‍റെ ലീഡ് യുഡിഎഫിന് ലഭിച്ചിരുന്നു.
എടക്കര, ചുങ്കത്തറ പഞ്ചായത്തിലും കോൺഗ്രസിന് പ്രതീക്ഷകളുണ്ട്. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളായിരിക്കും എണ്ണുക. അതു കൊണ്ട് തന്നെ തുടക്കത്തിൽ യുഡിഎഫ് ലീഡ് പിടിക്കുമെന്നാണ് നിരീക്ഷണം. ഈ പഞ്ചായത്തുകളിലെല്ലാം പി.വി. അൻവർ സ്വാധീനം ചെലുത്തുമെന്നും ഇരു മുന്നണികളും ഭയക്കുന്നുണ്ട്.