

പന്തലും പായസവും ലഡ്ഡുവും റെഡി; ആത്മവിശ്വാസത്തോടെ മുന്നണികൾ
തിരുവനന്തപുരം: കേരളം കാത്തിരുന്ന ഫലമറിയുമ്പോൾ ആഘോഷിക്കാൻ വിലുപലമായ ഒരുക്കങ്ങളുമായി പാർട്ടി ആസ്ഥാനങ്ങൾ. ജനവിധി തത്സമയം കാണാൻ എല്‍ഇഡി വാളുകള്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. എക്സിറ്റ് പോളിന്‍റെ പിൻബലത്തിൽ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ കെപിസിസി ആസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.
വിജയാഘോഷത്തിനായി മുറ്റത്തു പന്തലും മറ്റും രാവിലെ ഒരുങ്ങിക്കഴിഞ്ഞു. കെപിസിസിയുടെ മുറ്റത്ത് വലിയ എല്‍ഇഡി വാളുകള്‍ സജ്ജമാക്കി നേതാക്കള്‍ ഒരുമിച്ചിരുന്നാവും ഫലമറിയുക. കടുത്ത ചൂട് ആയതിനാല്‍ കുടിവെള്ളവും ഫാനും മറ്റും ഒരുക്കും. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുമെത്തുമെന്നാണ് പ്രതീക്ഷ. ഓഫിസിനകത്ത് സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുറത്ത് വലിയ സൗകര്യമൊരുക്കുന്നത്. വിജയാഘോഷത്തിനായി പായസവും ലഡുവും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
കെ.സി.വേണുഗോപാല്‍ ചിലപ്പോള്‍ ഡല്‍ഹിയിലായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെ ബാക്കി നേതാക്കള്‍ എല്ലാവരും 9 മണിയോടെ കെപിസിസി ആസ്ഥാനത്ത് എത്തും. വിധി അറിഞ്ഞ ശേഷം മാത്രമേ ഇവര്‍ മണ്ഡലങ്ങളിലേക്കു മടങ്ങുകയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കന്‍റോണ്‍മെന്‍റ് ഹൗസില്‍ ആയിരിക്കും. കെപിസിസി ആസ്ഥാനത്തു ദിവസങ്ങള്‍ക്കു മുന്‍പ് ഇട്ടിരുന്ന വൈദ്യുതാലങ്കാരങ്ങള്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞു മാറ്റിയാല്‍ മതിയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
അതേസമയം, തുടര്‍ഭരണം ഉറപ്പിച്ച് ജില്ലയിലെ സിപിഎം നേതാക്കള്‍ മധുരപലഹാരങ്ങളും പൂഴിക്കുന്ന് ആശാന്‍റെ പടക്കങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ രാവിലെ എകെജി സെന്‍ററിലെത്തും. പന്തല്‍ ഉള്‍പ്പെടെ മറ്റു ഒരുക്കങ്ങളൊന്നുമില്ലെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു.
ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലും വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി. രാജേഷ് തുടങ്ങി നേതാക്കള്‍ പത്തു മണിയോടെ ഓഫിസിലേക്ക് എത്തുമെന്ന് ഓഫിസിന്‍റെ ചുമതലയുള്ളവര്‍ അറിയിച്ചു. വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലെ ഫലമറിഞ്ഞ ശേഷമായിരിക്കും ലഡു വിതരണം.