

ലോകബാങ്കിന്‍റെ 14,000 കോടി കോടി രൂപ വക മാറ്റി; നിതീഷിനെതിരേ ആരോപണവുമായി ജെഎസ്പി
പറ്റ്ന: ലോകബാങ്കിൽ നിന്ന് അനുവദിച്ച 14,000 കോടി രൂപ നിതീഷ് കുമാർ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വക മാറ്റിചെലവാക്കിയെന്ന് ആരോപിച്ച് ജൻ സുരാജ് പാർട്ടി (ജെഎസ്പി) നേതാവ് പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജനങ്ങൾക്ക് ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകുന്നതിനായാണ് ഈ പണം മുഴുവൻ വക മാറ്റി ചെലവഴിച്ചതെന്നാണ് ആരോപണം. ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ച ജൻ സുരാജിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പു ഫലം വന്ന് തൊട്ടു പുറകേയാണ് പാർട്ടി അധ്യക്ഷൻ ഉദയ് സിങ് ആരോപണമുന്നയിച്ചത്.
മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജനയിലൂടെ സംസ്ഥാനത്തെ സ്ത്രീകൾക്ക് 10,000 രൂപ നൽകിയതിനെ ചൂണ്ടിക്കാട്ടിയാണ് ജൻ സുരാജ് പാർട്ടി ആരോപണം ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണചട്ടം നിലവിൽ വന്നതിനു ശേഷവും ജനങ്ങൾക്ക് പണം നൽകുന്ന സംഭവം ഇതാദ്യമായാണെന്ന് ഉദയ് സിങ് ആരോപിക്കുന്നു. ആർജെഡി അധികാരത്തിലേറിയാൽ വീണ്ടും ജംഗിൾ രാജിനു സാധ്യതയുണ്ടെന്ന ഭയമാണ് എൻഡിഎക്ക് ഗുണമായതെന്നും ഉദയ് സിങ് പറയുന്നു. ബിഹാറിന് 4,06,000 കോടി രൂപയാണ് കടം. ദിവസവും 63 കോടി രൂപയാണ് പലിശ.ഖജനാവ് കാലിയാണെന്നും ജൻ സുരാജ് പാർട്ടി ആരോപിക്കുന്നു.