

സന്ദീപ് വാര‍്യർ
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യർ. വിയർപ്പും അധ്വാനവും തൃക്കരിപ്പൂരിന്‍റെ മണ്ണിൽ പുതുചരിത്രമെഴുതുമെന്നതിൽ സംശയമില്ലെന്ന് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃക്കരിപ്പൂരുകാർക്കും നേതൃത്വത്തിനും തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സന്ദീപ് നന്ദി രേഖപ്പെടുത്തി. തൃക്കരിപ്പൂരിന്‍റെ വികസനത്തിനും നാടിന്‍റെ നന്മയ്ക്കായും നമുക്ക് തുടർന്നും ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു.
സന്ദീപ് വാര‍്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
ഹൃദയപൂർവ്വം, തൃക്കരിപ്പൂരിനോട്...
തൃക്കരിപ്പൂരിന്‍റെ മണ്ണിൽ സ്ഥാനാർത്ഥിയായി കാലുകുത്തിയ നിമിഷം മുതൽ എന്നെ പൊതിഞ്ഞ ആവേശവും സ്നേഹവായ്പും വാക്കുകൾക്ക് അതീതമാണ്. ഓരോ ചുവടിലും നിങ്ങൾ നൽകിയ ആത്മവിശ്വാസം ഈ പോരാട്ടത്തിൽ എനിക്ക് കരുത്തായി മാറി. വിയർപ്പുതുള്ളികളെപ്പോലും സ്നേഹത്തിന്റെ പൂമഴയായി മാറ്റിയ പ്രിയപ്പെട്ട തൃക്കരിപ്പൂരുകാർക്ക് ആദ്യമേ നന്ദി പറയട്ടെ.
അറുപത് വർഷക്കാലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച്, മാറ്റത്തിന്‍റെ പുതുപുലരി തൃക്കരിപ്പൂരിൽ ഉദിക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് നാം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന്‍റെ ഓരോ പ്രവർത്തകനും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരായി. ഈ ഐക്യമാണ് നമ്മുടെ വിജയപ്രതീക്ഷകളുടെ അടിത്തറ.
നേതൃത്വത്തിന് നന്ദി എനിക്ക് വലിയ രീതിയിലുള്ള പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയ എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി, യു.ഡി.എഫ് നേതൃത്വത്തോട് എനിക്ക് കടപ്പാടുണ്ട്. പ്രചരണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ നേരിട്ടെത്തി ആവേശം പകർന്നു നൽകിയ പ്രമുഖ നേതാക്കൾ ഈ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.
"നമ്മുടെ വിയർപ്പും അധ്വാനവും തൃക്കരിപ്പൂരിന്‍റെ മണ്ണിൽ ഒരു പുതിയ ചരിത്രമെഴുതും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഈ പോരാട്ടത്തിൽ എന്നോടൊപ്പം നിന്ന ഓരോ പ്രവർത്തകന്‍റെയും മുഖം എന്‍റെ മനസ്സിലുണ്ട്."
ജാതി-മത-കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങൾക്കും, ആവേശം പകർന്നു നൽകിയ പ്രവർത്തകർക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കൾക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്‍റെ വികസനത്തിനായും നാടിന്‍റെ നന്മയ്ക്കായും നമുക്ക് തുടർന്നും ഒരുമിച്ച് നിൽക്കാം.
സ്നേഹപൂർവ്വം,
സന്ദീപ് വാര്യർ