'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ മറ്റുനേതാക്കളും തുറന്ന് പറച്ചിലുകള്‍ക്ക് വിമുഖത കാണിക്കുകയാണ്
'SDPI support' controversy after 'deal'; CPM in a state of shock

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം

Updated on

തൃശൂര്‍: "ഡീല്‍' വിവാദത്തെ ഒരുവിധം പ്രതിരോധിച്ച് വികസന പ്രതിച്ഛായ വീണ്ടെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനിരുന്ന സിപിഎം, എസ്ഡിപിഐ പിന്തുണയില്‍ കുരുങ്ങി വിയര്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമി-മുസ്‌ലിം ലീഗ് -കോണ്‍ഗ്രസ് ബാന്ധവം ഉയര്‍ത്തിക്കാട്ടി തുടക്കം മുതല്‍ പ്രചാരണ രംഗത്ത് കത്തിക്കയറി ഹൈന്ദവ -ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവെച്ച സിപിഎമ്മിന് എസ്ഡിപിഐ പിന്തുണയില്‍ കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തത് തന്ത്രപരമായ തിരിച്ചടിയാവുമെന്ന വിലയിരുത്തല്‍ ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ മറ്റുനേതാക്കളും തുറന്ന് പറച്ചിലുകള്‍ക്ക് വിമുഖത കാണിക്കുകയാണ്. കോണ്‍ഗ്രസ് -ജമാഅത്ത് ബന്ധം ഉയര്‍ത്തിയുള്ള പ്രചാരണം ഭൂരിപക്ഷ വോട്ടുകളെയും ക്രൈസ്തവ വോട്ടുകളെയും സ്വാധീനിക്കുന്നതില്‍ ഒരുപരിധിവരെ വിജയിച്ചിരുന്നു. എന്നാല്‍, എസ്ഡിപിഐ പിന്തുണയില്‍ സിപിഎമ്മിന്‍റെ നിലപാട് രാഹിത്യം ഈ വോട്ടുബാങ്കില്‍ സംശയത്തിന്‍റെ വിത്തുപാകിയിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അതിനാലാണ് എസ്ഡിപിഐ ബന്ധം ഉയര്‍ത്തി പരമാവധി സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുനിഞ്ഞതും.

മുസ്ലിം സംഘടനകളുടെ ആകമാന നേതൃത്വം സ്വയമേറ്റെടുത്ത് യുഡിഎഫ് സഹയാത്രികരായ ജമാഅത്ത് ഇസ്ലാമിയെ ആക്രമിച്ചാണ് സിപിഎം പ്രചാരണ തുടക്കത്തിൽ ഹിന്ദു - ക്രിസ്ത്യൻ വോട്ട് ബാങ്കിലേക്ക് കണ്ണെറിഞ്ഞത്. എ.കെ.ബാലൻ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ അതേറ്റെടുത്തു. യുഡിഎഫ് വിജയിച്ചാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്‌ ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന് വരെ സിപിഎം നേതാക്കൾ പറഞ്ഞുവച്ചു. തെരഞ്ഞെപ്പിന്‍റെ അജണ്ട നിശ്ചയിക്കുംവിധം കോൺഗ്രസ് ഉയർത്തിയ ഡീൽ ആരോപണവും ഇതിനിടയിൽ ചർച്ചയായെങ്കിലും ലീഗ് - ജമാഅത്തെ ബന്ധം പരിചയാക്കിയാണ് സിപിഎം പ്രതിരോധിച്ചത്. ഇതിനിടയിലാണ് എസ്ഡിപിഐ പിന്തുണ സിപിഎമ്മിനെ കുഴപ്പത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്.

മുസ്ലിം ലീഗ് വഴി ജമാ അത്തെ ഇസ്‌ലാമി ഒപ്പം നിർത്തി മുസ്ലിം സംഘടനകളിലേക്ക് കണ്ണ് കോർത്ത കോൺഗ്രസ്, എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് നയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതേ രീതിയിൽ നിലപാട് വ്യക്തമാക്കാൻ സിപിഎമ്മിന് സാധിക്കുന്നില്ല. ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നായിരുന്നു വിവാദ തുടക്കത്തിൽ മുതിർന്ന നേതാവ് ഇ.പി.ജയരാജന്‍റെ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി പൗരത്വ വിഷയം മുഖ്യ പ്രചാരണമാക്കിയത് തിരിച്ചടിയായതായി പാർട്ടി വിലയിരുത്തിയിരുന്നു. ഈയൊരു പ്രചാരണത്തിലൂടെ ഭൂരിപക്ഷ വോട്ട് ബാങ്ക് ഇടത് പക്ഷത്ത് നിന്ന് അകലുകയും പ്രചാരണത്തിലെ അതിശയോക്തിയിൽ സംശയം പ്രകടിപ്പിച്ച ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാതെ പോവുകയും ചെയ്തതോടെ സിപിഎമ്മിന് കനത്ത തോൽവിയായി ഫലം. ഇതിനെ മറികടക്കാനാണ് ഇത്തവണ പ്രചാരണ തുടക്കത്തിൽ തന്നെ മുസ്ലിം ലീഗ് - ജമാ അത്തെ ഇസ്‌ലാമി -കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഎം പ്രചാരണ അജണ്ട നിശ്ചയിച്ചത്. ശബരിമല വിഷയത്തിൽ അകന്ന ഭൂരിപക്ഷ സമുദായ വോട്ടുകൾ തിരിച്ചെത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയിരുന്നു. എന്നാൽ എസ്ഡിപിഐ പിന്തുണാ വിവാദത്തോടെ ലക്ഷ്യം വെച്ച വോട്ടുകൾ വീണ്ടും അകലുമോയെന്ന ആശങ്കയിലാണ് സിപിഎമ്മിലെ ഒരുവിഭാഗം.

logo
Metro Vaartha
www.metrovaartha.com