പുകഞ്ഞ കൊള്ളികൾ പുര കത്തിച്ചു; വിമത തരംഗത്തിൽ തകർന്ന് ചുവപ്പു കോട്ടകൾ

വർഷങ്ങളോളമായി പാർട്ടിക്കൊപ്പം നിന്നിരുന്ന നേതാക്കളാണ് ദീർഘകാലമായ വിയോജിപ്പുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കളം മാറിയത്
smoky flames rose; the red forts collapsed in the wave of rebellion

പുകഞ്ഞ കൊള്ളികൾ ജ്വലിച്ചുയർന്നു; വിമത തരംഗത്തിൽ തകർന്ന് ചുവപ്പു കോട്ടകൾ

Updated on

നീതു ചന്ദ്രൻ

വിമത തരംഗത്തിൽ ആടിയുലഞ്ഞ് സിപിഎം. വിയോജിപ്പുകളോടെ ഇറങ്ങിപ്പോയി സ്വതന്ത്രരായി മത്സരിച്ച നേതാക്കളാണ് ഇത്തവണ പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. ഉരുക്കു കോട്ടയായിരുന്ന പയ്യന്നൂരിൽ ഉൾപ്പെടെ പ്രതീക്ഷിച്ചതിനെക്കാൾ ശക്തമായ തിരിച്ചടിയാണ് സിപിഎം നേരിട്ടിരിക്കുന്നത്. പയ്യന്നൂരിൽ വി. കുഞ്ഞികൃ‌ഷ്ണൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയിൽ ജി. സുധാകരൻ എന്നിവർ ശക്തമായ മേൽക്കൈ നേടി.

നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയപ്പോൾ മുതൽ വലുതും ചെറുതുമായ അസ്വാരസ്യങ്ങളിലൂടെ കടന്നു പോകുകയായിരുന്നു സിപിഎം. പയ്യന്നൂരിലും അമ്പലപ്പുഴയിലും കൊട്ടാരക്കരയിലുമെല്ലാം നീറി പുകഞ്ഞിരുന്ന പ്രശ്നങ്ങൾ പതിയെ പുറത്തു വരുകയായിരുന്നുവെങ്കിൽ, തളിപ്പറമ്പിലും നാട്ടികയിലും പാർട്ടി അപ്രതീക്ഷിത പൊട്ടിത്തെറിയാണ് അഭിമുഖീകരിച്ചത്. വർഷങ്ങളോളമായി കരുത്തോടെ കൂടെ നിന്ന നേതാക്കളാണ് ദീർഘകാല വിയോജിപ്പുകൾ ചൂണ്ടിക്കാണിച്ചു കളം മാറിയത്.

തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ പാർട്ടി ഭയന്നതു പോല തന്നെ ചിലത് സംഭവിച്ചിരിക്കുന്നു. ദീർഘകാലമായി പാർട്ടിയുടെ മുഖങ്ങളായിരുന്ന ‌പി. അയിഷ പോറ്റി, സി.സി. മുകുന്ദൻ എന്നിവരുടെ ഇറങ്ങിപ്പോക്കും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

ചരിത്രം രചിച്ച് വി. കുഞ്ഞികൃഷ്ണൻ

ഇടതുപക്ഷത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് പയ്യന്നൂർ സമ്മാനിച്ചിരിക്കുന്നത്. അമ്പത് വർഷമായി പയ്യന്നൂരിൽ തുടർന്നു കൊണ്ടിരുന്ന ഇടതു ഭരണത്തിനാണ് മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണൻ യുഡിഎഫ് പിന്തുണയോടെ അറുതി വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 25നാണ് അപ്രതീക്ഷിതമായി കുഞ്ഞികൃഷ്ണൻ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ടിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ഒരു കോടിയിലധികം രൂപയുടെ പിരിവിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും, പാർട്ടിക്ക് കൃത്യമായി തെളിവുകൾ നൽകിയിട്ടും നടപടിയെടുത്തില്ല എന്നുമായിരുന്നു ആരോപണം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നന്മ ലക്ഷ്യമിട്ടാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് കുഞ്ഞികൃഷ്ണൻ വാദിച്ചിരുന്നത്. എന്നാൽ, ആരോപണം വസ്തുതാ വിരുദ്ധമാണെന്ന വിശദീകരണത്തോടെ പാർട്ടി കുഞ്ഞികൃഷ്ണനെ പുറത്താക്കി. ഫണ്ട് തട്ടിപ്പിനെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയ കാര്യങ്ങൾ വച്ചു കൊണ്ട്, നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കി.

വിമതസംഘം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പി.വി. ‍അൻവറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായത്. യുഡിഎഫ് സീറ്റ് വിഭജനത്തിൽ ആർഎസ്പിക്കു കൊടുത്ത സീറ്റാണിത്. ഇവിടെ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ കുഞ്ഞികൃഷ്ണനു പിന്തുണ പ്രഖ്യാപിക്കുന്ന തന്ത്രപരമായ സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം താഴാതെ നോക്കുക എന്നതായിരുന്നു സിപിഎമ്മിന്‍റെ പ്രഖ്യാപിത ലക്ഷ്യം. കഴിഞ്ഞ തവണ 49780 വോട്ടിനാണ് മധുസൂദനൻ വിജയിച്ചത്. ഇത്തവണ അതേ മധുസൂദനനെ കുഞ്ഞികൃഷ്ണൻ തോൽപ്പിച്ചത് ഏഴായിരത്തിൽപ്പരം വോട്ടുകൾക്ക്.

അമ്പലപ്പുഴയിൽ ജി. സുധാകരൻ തരംഗം

പാർട്ടിയിൽ തനിക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് ജി. സുധാകരൻ സിപിഎം വിട്ടത്. ആലപ്പുഴ ജില്ലാ നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും ജി. സുധാകരൻ വിയോജിപ്പിലായിരുന്നു. പൊതുപരിപാടികളിൽ തന്നെ നിരന്തരം അവഗണിക്കുന്നുവെന്ന ആരോപണം തുടരുന്നതിനിടെയാണ് സ്ഥാനാർഥിപ്പട്ടികയിൽ നിന്നും സുധാകരനെ ഒഴിവാക്കിയത്. അതോടെ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. പാർട്ടി നേതാക്കൾ നിരന്തരം അനുന‍യത്തിനായി ശ്രമിച്ചുവെങ്കിലും സുധാകരൻ വഴങ്ങിയില്ല. ഒടുവിൽ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയാകുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചു. സുധാകരന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തിയില്ല. എച്ച്. സലാമായിരുന്നു സിപിഎം സ്ഥാനാർഥി.

ശ്യാമളയെ നിഷ്പ്രഭയാക്കി ടി.കെ. ഗോവിന്ദൻ

അറുപതു വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ചാണ് ടി.കെ. ഗോവിന്ദൻ വിമത സ്ഥാനാർഥിയായത്. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് ടി.കെ. ഗോവിന്ദനെ പ്രകോപിപ്പിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റ് നൽകിയതിൽ അദ്ദേഹം ഇഷ്ടക്കേട് പരസ്യമായി പ്രകടിപ്പിച്ചു. പ്രവാസി വ്യവസായിയായ ആന്തൂർ സാജന്‍റെ മരണത്തിൽ ശ്യാമള അന്വേഷണം നേരിട്ടിരുന്നു. അന്വേഷണത്തിൽ നിരപരാധിയാണെന്നു കണ്ടെത്തിയെങ്കിലും, സാജനെ മരണത്തിലേക്കു തള്ളിവിട്ടത് ശ്യാമളയാണെന്നാണ് ടി.കെ. ഗോവിന്ദൻ ആവർത്തിക്കുന്നത്.

മണ്ഡലത്തിലെ ഓരോ വീടുകളെയും ഓരോരുത്തരെയും നേരിട്ടറിയാവുന്ന ഗോവിന്ദൻ പാർട്ടിക്കെതിരേ അങ്കത്തിനിറങ്ങിയത് പാർട്ടിയെ തളർത്തി. എഴുപത്തഞ്ചാം വയസിൽ എംഎൽഎ പദവി മോഹിച്ച് പാർട്ടി വിടുന്നയാളല്ല ഗോവിന്ദൻ എന്നാണ് കൂടെ നിൽക്കുന്നവർ പറയുന്നത്. തളിപ്പറമ്പിൽ ഗോവിന്ദന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ സിപിഎം അക്ഷരാർഥത്തിൽ ആശങ്കയിലായിരുന്നു. എന്നാൽ, ടി.കെ. ഗോവിന്ദനെ പോലെ ദീർഘകാലം സിപിഎമ്മിൽ പ്രവർത്തിച്ചിരുന്നയാളെ പിന്തുണയ്ക്കുന്നതിൽ യുഡിഎഫിലും എതിർപ്പുണ്ടായിരുന്നു. കെപിസിസി അംഗം കൊയ്യം ജനാർദനൻ തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു. 10 സ്ഥാനാർഥികളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ശ്യാമളയുടെയും ഗോവിന്ദനും അപരന്മാരുമുണ്ടായിരുന്നു.

പൊരുതിത്തോറ്റ് അയിഷ പോറ്റി

സിപിഎമ്മുമായുള്ള മൂന്ന് പതിറ്റാണ്ടിന്‍റെ ബന്ധം അവസാനിപ്പിച്ചാണ് പി. അയിഷ പോറ്റി കോൺഗ്രസിലേക്കു ചേക്കേറിയത്. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയതു താനാണെങ്കിലും പാർട്ടി തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് അയിഷ പോറ്റി പാർട്ടി വിട്ടത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടക്കം തനിക്കെതിരായ നീക്കത്തിൽ പങ്കാളിയായിട്ടുണ്ടെന്നായിരുന്നു ഐഷ പോറ്റിയുടെ ആരോപണം.

2006,2011, 2016 വർഷങ്ങളിലാണ് അയിഷ പോറ്റി തുടർച്ചയായി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2021ൽ പാർട്ടി സീറ്റ് നൽകിയില്ല. പകരം മത്സരിച്ച കെ.എൻ. ബാലഗോപാൽ വിജയിക്കുകയും സംസ്ഥാന ധനമന്ത്രിയാകുകയും ചെയ്തു. 2026ലെ തെരഞ്ഞെടുപ്പിലും തന്നെ അവഗണിക്കുമെന്ന് ഉറപ്പായതോടെയാണ് അയിഷ പോറ്റി കളം മാറ്റിയത്. ബാലഗോപാലിനെതിരേ യുഡിഎഫ് സ്ഥാനാർഥിയായാണ് അവർ ഇത്തവണ മത്സരിച്ചത്.

വിവിധ സമുദായ സംഘടനകളിലും അയിഷ പോറ്റിക്ക് സ്വാധീനമുണ്ട്. 2006ൽ ആർ. ബാലകൃ‌ഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി വിജയിച്ചത്. അന്ന് മാടമ്പിയെ തോൽപ്പിച്ച മാടപ്രാവ് എന്നാണ് അയിഷയെ സിപിഎം വിശേഷിപ്പിച്ചത്. 2016ൽ 40,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അവർ സീറ്റ് നിലനിർത്തിയത്. കഴിഞ്ഞ അറുപതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബാലഗോപാൽ ജയിച്ചു. ഇത് ആയിരത്തിനടുത്തേക്ക് ചുരുക്കാൻ അയിഷ പോറ്റിക്കു സാധിച്ചു.

മൂന്നാമതായ സി.സി. മുകുന്ദൻ‌

എംഎൽഎ ആയിരിക്കുമ്പോൾ തന്നെ സിപിഐ ഉപേക്ഷിച്ച് ബിജെപിയിൽ ഇടം പിടിച്ചയാളാണ് സി.സി. മുകുന്ദൻ. നാട്ടികയിലെ എംഎൽഎ ആയിരിക്കേയാണ് മുകുന്ദൻ‌ പാർട്ടി വിട്ടത്. സ്ഥാനാർഥി നിർണയത്തിൽ‌ താൻ ഒഴിവാക്കപ്പെട്ടതായിരുന്നു പ്രകോപനം.

മുൻ എംഎൽഎ ഗീത ഗോപിയെയാണ് സിപിഐ നാട്ടികയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഗീത ഗോപിയുടേത് പേയ്മെന്‍റ് സീറ്റാണെന്നാണ് സി.സി. മുകുന്ദൻ ആരോപിച്ചത്. കോൺഗ്രസിൽ ചേരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബിജെപിയിൽ ചേരുകയായിരുന്നു. 45,216 വോട്ട് പിടിച്ചെങ്കിലും ഇവിടെ ഗീത ഗോപിക്കും സുനിൽ ലാലൂരിനും പിന്നിൽ മൂന്നാമത് എത്താനേ മുകുന്ദനു കഴിഞ്ഞുള്ളൂ.

logo
Metro Vaartha
www.metrovaartha.com