

ചെന്നൈ: മറ്റൊരു പാർട്ടി തങ്ങൾക്ക് 90 സീറ്റുകളും വിജയ്ക്ക് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തുവെന്ന അവകാശവാദവുമായി തമിഴക വെട്രികഴകം ജനറൽ സെക്രട്ടറി ആധവ് അർജുന. എന്നാൽ വിജയ് ഈ വാഗ്ദാനങ്ങളെയെല്ലാം നിരസിച്ചുവെന്നാണ് ആധവ് പറയുന്നത്. ഏത് പാർട്ടിയാണ് വാഗ്ദാനം നൽകിയതെന്ന് ആധവ് വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി പദം വച്ചു നീട്ടിയിൽ ഡൽഹിക്കു മുന്നിൽ കീഴടങ്ങുന്ന ഒരു വ്യക്തിയല്ല വിജയ്. അവർ ഞങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള വാഗ്ദാനങ്ങൾ വച്ചു നീട്ടി. 50 മുതൽ 90 സീറ്റുകൾ വരെ വാഗ്ദാനം ചെയ്തു. പക്ഷേ വിജയ് അതെല്ലാം നിരസിച്ചു.
പദവികളല്ല, ജനങ്ങളുടെ വിശ്വാസമാണ് വേണ്ടതെന്നാണ് വിജയ് പറഞ്ഞതെന്നും കൊളത്തൂരിൽ ചൊവ്വാഴ്ച നടത്തിയ പാർട്ടി യോഗത്തിൽ ആധവ് അവകാശപ്പെട്ടു. ഏതു പാർട്ടിയാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും എൻഡിഎ ടിവികെയുമായി നടത്തിയ ചർച്ചകളിലേക്ക് പലരും വിരൽ ചൂണ്ടുന്നുണ്ട്. എൻഡിഎ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്നും എൻഡിഎ സഖ്യത്തിലെ ഭൂരിപക്ഷം പേരും ഇതിൽ അതൃപ്തരായിരുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വിജയുടെ പാർട്ടിയുമായി യാതൊരു വിധത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി വ്യക്തമാക്കിയിരുന്നു.