

വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പയ്യന്നൂരിലെ എകെജി മന്ദിരത്തിന്‍റെ കെട്ടിട നിർമാണത്തിനായി ഫണ്ട് സമാഹരിച്ചതിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇതു സംബന്ധിച്ച രേഖകൾ അടക്കം പുറത്തുവിട്ടുകൊണ്ടായിരുന്നു കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയത്.
2017 ജനുവരിയിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍റെ വരവ് ചെലവ് കണക്ക് വിശദീകരിക്കാതെ വരവ് ഇത്ര, ചെലവ് ഇത്ര എന്ന കണക്ക് മാത്രമാണ് ടി.ഐ. മധുസൂദനൻ അവതരിപ്പിച്ചതെന്നാണ് കുഞ്ഞികൃഷ്ണന്‍റെ ആരോപണം.
വി. കുഞ്ഞികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
സഖാക്കളെ,
നമുക്ക് മുൻപേ നടന്ന മഹാരഥന്മാർ നമുക്ക് പ്രധാനം ചെയ്ത രാഷ്ട്രീയത്തിൽ അവരുടെ സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മകളുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിനോ അതിജീവനത്തിനോ ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ നേതൃത്വത്തിൽ ഇരിക്കുന്ന സഖാക്കളുടെ സത്യസന്ധതയും അർപ്പണബോധവുമായിരുന്നു പാർട്ടിയുടെ മുതൽക്കൂട്ട്.
അന്ന് ആ സഖാക്കൾ ക്ലേശകരമായ ജീവിതം നയിച്ചത് സാധാരണക്കാരുടെ വിമോചനത്തിന് വേണ്ടിയാണ്. നേതാക്കളുടെ അതിജീവനം ഉറപ്പിക്കാൻ സാധാരണ ജനസമൂഹം നൽകിയ സംഭാവന മാത്രം മൂലധനമാക്കി ഈ മണ്ണിൽ ആഴത്തിൽ വേരൂന്നിയതാണ് നമ്മുടെ പ്രസ്ഥാനമെന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്.
അതുകൊണ്ട് തന്നെ നമുക്ക് ദിശാബോധം നൽകി മണ്മറഞ്ഞു പോയ സഖാക്കൾ കാണിച്ചു തന്ന സത്യസന്ധതയുടെ പാതയിലൂടെ മാത്രമേ നമ്മൾ കമ്മ്യൂണിസ്റ്റുകാർക്ക് മുന്നോട് സഞ്ചരിക്കാൻ സാധിക്കൂ.
ഏതൊരു സന്ദർഭത്തിലാണോ നമ്മുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ച് പ്രസ്ഥാനത്തെ ധനാപഹരണത്തിനോ ധനസമ്പാദനത്തിനോ വേണ്ടി ഉപയോഗപ്പെടുത്തുന്നത്, അന്നുമുതൽ അത്തരം വ്യക്തികളെ ബൂർഷ്വാ രാഷ്ട്രീയത്തിലൂടെ അധ്വാനവർഗ്ഗത്തെ വഞ്ചിച്ചവരായേ കമ്മ്യൂണിസ്റ്റുകാർക്ക് പരിഗണിക്കാൻ സാധിക്കൂ. ഞങ്ങളുടെ പോരാട്ടം നേതൃത്വത്തിലെ ഇത്തരം ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് എതിരാണ്.
പയ്യന്നൂരിലെ ഏരിയ കമ്മിറ്റിയുടെ ഓഫീസ് എകെജി മന്ദിരം 2017 ജനുവരിയിലാണ് സഖാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നത്.
എകെജി മന്ദിരത്തിന്‍റെ കെട്ടിട നിർമ്മാണത്തിനായി ഫണ്ട് സമാഹരിച്ചതിൽ വലിയ ക്രമക്കേടുകളാണ് പാർട്ടി ഏരിയ സെക്രട്ടറിയായ ടിഐ മധുസൂദനന്റെയും, ടി വിശ്വനാഥന്റെയും നേതൃത്വത്തിൽ നടന്നത്.
2017 നവംബർ മാസത്തിൽ കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാനും, പാർട്ടി ഏരിയ സെക്രട്ടറിയുമായ ടിഐ മധുസൂദനൻ അതുമായി ബന്ധപ്പെട്ട് കണക്ക് വിശദീകരിക്കാതെ, മൊത്തം വരവിത്ര ചിലവിത്ര എന്ന കണക്ക് മാത്രം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ അന്ന് തന്നെ, വിശദമായ കണക്ക് അവതരിപ്പിക്കനമെന്നും, ഈ കണക്ക് അംഗീകരിക്കില്ല എന്നും ഉറച്ച് പറഞ്ഞു.
എന്നാൽ ആ കണക്ക് കാണിക്കൽ 2021വരെ നീട്ടി കൊണ്ടുപോയി ഈ നേതാക്കൾ. ഏരിയ കമ്മിറ്റിക്കുള്ളിൽ കണക്ക് അവതരിപ്പിക്കാനുള്ള ഈ കാലതാമസത്തിന് പിറകിൽ ഗൂഢോദ്ദേശം ഉണ്ടായിരുന്നെന്ന് അന്ന് തന്നെ സഖാക്കൾക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ടി വിശ്വനാഥൻ കണക്ക് അവതരിപ്പിച്ചതോടെ തങ്ങളുടേത് കേവലം സംശയമല്ല എന്ന് ഉറപ്പിക്കുന്ന അവസ്ഥയുണ്ടായി.
സാമ്പത്തിക സമാഹരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കണക്ക് പ്രകാരം വരവിനേക്കാൾ കവിഞ്ഞ ചിലവും, അതുവഴി 42,337 രൂപ കടവുമാണ് രേഖപ്പെടുത്തിയത്.
ആ കണക്ക് സസൂക്ഷ്മം പരിശോധിച്ചപ്പോൾ ബോധപൂർവ്വം പാർട്ടി സഖാക്കൾ നൽകിയ സംഭാവനകൾ വരവിൽ ഉൾപ്പെടുത്തിയില്ല എന്ന് ബോധ്യപ്പെട്ടു.
2016 വർഷത്തിൽ സഹകരണ ജീവനക്കാരിൽ നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപ വരവിൽ ഉൾപ്പെടുത്തിയില്ല. കൂടാതെ നിക്ഷേപം വഴി ലഭിക്കേണ്ടുന്ന പലിശയും ഉൾപ്പെടുത്തിയില്ല.
അത് ഉൾപ്പെടുത്തിയാൽ എഴുപത് ലക്ഷത്തിൽ അധികം തുക പാർട്ടി ഓഫീസ് നിർമ്മാണത്തിനായ് സമാഹരിച്ചതിൽ മിച്ചം ഉണ്ടാവണം, അത് കണക്കിൽ കാണിക്കാതെ ബോധപൂർവ്വം അപഹരിക്കുകയാണ് ഉണ്ടായത്.
അത് കൂടാതെ, ഇതേ കള്ളക്കണക്കിന്റെ ബലത്തിൽ സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ കെട്ടിട നിർമാണ ഫണ്ടിലേക്ക് വക മാറ്റി എന്ന് കാണിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ മിച്ചമുണ്ടായ കണക്കിൽ ഗൂഢോദ്ദേശം വച്ച് കണക്ക് വരവ് കാണിക്കാതിരുന്നതിന്റെയും, ധനരാജ് ഫണ്ട് വക മാറ്റിയതിന്റെയും ഉദ്ദേശം ധനാപഹരണമാണ്.
ഈ വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ പുതിയ കണക്കുമായി ടി വിശ്വനാഥൻ അവതരിച്ചു.
ഈ പുതിയ കണക്ക് 2017 ൽ ടിഐ മധുസൂദനൻ അവതരിപ്പിച്ച കണക്കിൽ സൂചിപ്പിച്ച ചിലവിനേക്കാൾ 31.5 ലക്ഷം അധികം ചിലവ് കാണിച്ച മറ്റൊരു കണക്കായിരുന്നു.
രേഖപ്പെടുത്തിയ വരവ് ഇത്രപോരാ എന്ന് ആധികാരികമായി തെളിവ് സഹിതം മുന്നോട്ട് വയ്ക്കുമ്പോൾ, എങ്കിൽ ചിലവും ഇത്രപോരാ എന്നാലേ തങ്ങൾ അപഹരിച്ച കണക്ക് ടാലിയാകൂ എന്ന കുബുദ്ധിയാണ് അന്ന് ടി ഐ മധുസൂദനനും, ടി വിശ്വനാഥനും ചേർന്ന് നടത്തിയത്.
ഈ ചിലവ് വർദ്ധിപ്പിക്കാൻ 2017 ൽ നേരത്തേ ചിലവിൽ ഉൾപെടുത്തിയ വൗച്ചറുകൾ വീണ്ടും മറ്റൊരു ചിലവായ് ഉൾപ്പെടുത്തി കള്ളകണക്കാക്കാൻ ഇവർക്ക് യാതൊരു മടിയുമുണ്ടായില്ല. മിനുട്സ് ബുക്ക് ടിഐ മധുസൂദനന്റെ നേതൃത്വത്തിൽ രഹസ്യമായി ഒളിച്ച് കടത്തുകയും ചെയ്തു.
പാർട്ടിക്ക് വിഭവങ്ങൾ കുറഞ്ഞ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറി പാർട്ടിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുന്ന സ്വാർത്ഥ നേതൃത്വമായി ബൂർഷ്വാ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് പാർട്ടിയെ നയിക്കുന്ന ഒരു രീതിയേയും കമ്മ്യൂണിസ്റ്റുകാർക്ക് അംഗീകരിക്കാൻ സാധിക്കില്ല.
ഞാൻ സത്യം ഉറക്കെ പറഞ്ഞതിന്റെ ഭാഗമായി എന്നെ പുറത്താക്കിയപ്പോൾ വർഗ്ഗവഞ്ചക ചാപ്പയടിച്ച് പയ്യന്നൂരിൽ പാർട്ടി നേതൃത്വം നടത്തിയ പ്രകടനത്തിന് നേതൃത്വം നൽകിയത് ധനാപഹരണം നടത്തിയവരായിരുന്നു. അവരുടെ ആഹ്ലാദത്തെ പ്രകടിപ്പിക്കാൻ ആശ്രിതരെ ഉപയോഗിച്ച് ചരിത്രത്തിലാദ്യമായി പുറത്താക്കപ്പെട്ട സഖാവിന്റെ വീടിനുമുന്നിൽ പടക്കം പൊട്ടിച്ച് അവർ ആഘോഷിച്ചു.
നുണകൾകൊണ്ട് എത്ര വലിയ കോട്ടകൾ കെട്ടിയാലും, നിങ്ങളുടെ അധികാരത്തോട് വിദേയപ്പെട്ട ആശ്രിതരെക്കൊണ്ട് ഭീഷണിപ്പെടുത്താൻ നോക്കിയാലും സത്യത്തിന്റെ ശക്തി അതിനെയെല്ലാം തച്ചുടക്കുക തന്നെ ചെയ്യും. അതുകൊണ്ട് നാം ഉറക്കെ തന്നെ പറയണം.
"നേതൃത്വത്തെ അണികൾ തിരുത്തട്ടെ" എന്ന്.
ഇത് അഴിമതിക്കെതിരെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ആ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. തെളിവുകളും രേഖകളുമൊന്നും അവസാനിക്കുന്നില്ല. നിങ്ങൾ ഒന്ന് കൊണ്ടും "ധൈര്യപ്പെടേണ്ട."
വി കുഞ്ഞികൃഷ്ണൻ