പശ്ചിമ ബംഗാളിൽ 91.66% പോളിങ്, പരക്കെ അക്രമം

വോട്ടിങ് മെഷീനിൽ ബിജെപിയുടെ പോൾ ബട്ടൺ മറച്ച് ടേപ്പ് ഒട്ടിച്ചെന്ന് ആരോപണം
West Bengal poll 2nd phase

ബംഗാളിൽ റെക്കോഡ് പോളിങ്.

Representative image

Updated on

കോൽക്കത്ത: വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള നിയമയുദ്ധങ്ങൾക്കും ബിജെപി - തൃണമൂൽ കോൺഗ്രസ് സംഘർഷത്തിനുമിടയിൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിലും കനത്ത പോളിങ്. 142 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 91.66 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഒന്നാംഘട്ടത്തിൽ 93.19 ശതമാനമായിരുന്നു പോളിങ്.

അന്തിമ കണക്കെടുപ്പിൽ പോളിങ് ഉയരാം. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. 2021ൽ തൃണമൂൽ കോൺഗ്രസിനൊപ്പം നിന്ന തെക്കൻ ബംഗാളിലെ മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. കോൽക്കത്തയിൽ 87 ശതമാനവും പൂർബ ബർധമാനിൽ 91.66 ശതമാനവും പോളിങ് രേഖപ്പെടുത്തി.

ഒന്നാംഘട്ടം പൊതുവേ സമാധാനപരമായിരുന്നെങ്കിൽ ഇന്നലെ പരക്കെ ഏറ്റുമുട്ടലും ക്രമക്കേട് ആരോപണവുമുണ്ടായി. പദ്മപുകുർ, ചക്രബേരിയ തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടർമാരെ തൃണമൂൽ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

കേന്ദ്ര സേനയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നു തൃണമൂൽ നേതാക്കൾ ആരോപിച്ചു. കാളിഘട്ടിൽ ബൂത്ത് സന്ദർശിക്കാനെത്തിയ അധികാരിയെ തൃണമൂൽ പ്രവർത്തകരുടെ സംഘം തടഞ്ഞു. ഇവരെ കേന്ദ്ര സേന ലാത്തിവീശി തുരത്തി.

ഫാൽത്തയിൽ വോട്ടിങ് മെഷീനിൽ ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരേയുള്ള പോൾ ബട്ടൺ ടേപ്പ് ഒട്ടിച്ചു മറച്ചനിലയിൽ കണ്ടെത്തി. നിരവധി പോളിങ് സ്റ്റേഷനുകളിൽ ഇതു സംഭവിച്ചെന്നു ബിജെപി ആരോപിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ലഭിച്ചാൽ ഈ ബൂത്തുകളിൽ വീണ്ടും പോളിങ് നടത്തുമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു.

logo
Metro Vaartha
www.metrovaartha.com