ലോറൻസ് ബിഷ്ണോയിയെ വിട്ടു കിട്ടണമെന്ന് അമെരിക്ക

പരിശോധിച്ചു മാത്രം തീരുമാനമെന്ന് ഇന്ത്യ
 America demands Lawrence Bishnoi's release

ലോറൻസ് ബിഷ്ണോയിയെ വിട്ടു കിട്ടണമെന്ന് അമെരിക്ക

Updated on

ന്യൂഡൽഹി: കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയെ കൈമാറണമെന്ന അമെരിക്കയുടെ ആവശ്യം പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് ഇന്ത്യ. യുഎസ്, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ എഫ്ബിഐ നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിൽ ഓപ്പറേഷൻ ഹാർഡ്ബോൾ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ യുഎസ് പുറത്തു വിട്ടതിനു പിന്നാലെയാണ് ഈ നീക്കം.

ലോറൻസ് ബിഷ്ണോയിയെ കൈമാറുന്നത് സംബന്ധിച്ച യുഎസിന്‍റെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ കരാറുകളുടെ അടിസ്ഥാനത്തിൽ ഇതിന്‍റെ നിയമവശങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ലോറൻസ് ബിഷ്ണോയിക്കും കൂട്ടാളി ഗോൾഡി ബ്രാറിനും എതിരേയാണ് യുഎസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ജയിലിലിരുന്ന് മൊബൈൽ ഫോണുകൾ വഴി ബിഷ്ണോയി ആഗോള ക്രിമിനൽ ശൃംഖല നിയന്ത്രിക്കുകയും നിജ്ജാറിന്‍റെ കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തു എന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ.

ബിഷ്ണോയിക്കു പുറമേ പഞ്ചാബിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൂടി വിട്ടു കിട്ടണമെന്ന് അമെരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിലുള്ള ഒരു കുടുംബത്തെ വ്യാജ കൊലക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഉദ്യോഗസ്ഥനെതിരേ നടപടിക്ക് നീങ്ങുന്നത്. നിജ്ജാറിന്‍റെ വധത്തിനു പിന്നിൽ ഇന്ത്യൻ ഏജന്‍റുകളാണെന്ന ക്യാനഡയുടെ മുൻ ആരോപണങ്ങളെ ശരി വയ്ക്കുന്നതാണ് എഫ്ബിഐയുടെ ഈ റിപ്പോർട്ട്.

logo
Metro Vaartha
www.metrovaartha.com