

ഹരികൃഷ്ണൻ കെ.എസ്., ഷിനു സെബാസ്റ്റ്യൻ
ആലുവ: 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചി പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ കെ.എസ്. (32), തോപ്പുംപടി പ്രതീക്ഷ നഗർ കെ.വി. തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് നടത്തിയ തുടർപരിശോധനയിൽ തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി.
തമിഴ്നാട്ടിൽനിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ടൂറിസ്റ്റ് ബസിൽ യാത്രക്കാരായെത്തിയ പ്രതികൾ വാഴക്കുലയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. എറണാകുളം, ആലുവ മേഖലകളിലെ നിരവധി ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് വിതരണം ചെയ്യുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി ബംഗളൂരു–തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ലഹരിമരുന്ന് കടത്തിലും വിതരണത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെയും നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എച്ച്. ഷമീർ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ് വി., എ.എസ്.ഐ. നൗഷാദ് കെ.എ., സിവിൽ പൊലീസ് ഓഫീസർമാരായ മാഹിൻഷാ അബൂബക്കർ, മനോജ് കെ.എം., മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ, അഫ്സൽ, ഗസ്നി, ശ്രീരാജ് എം.എസ്., ഷമീൻ എസ്., അനിൽജിത് എം.ബി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയിലും അറസ്റ്റിലും പങ്കെടുത്തത്. ഇവർ മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചും ഇവരിൽ നിന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.