

അറസ്റ്റിലായ ആയുഷി ശർമ, മരിച്ച നീരജ ശർമ
ജയ്പൂർ: വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. ജയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. എൽഡി ക്ലർക്കായ നീരജ ശർമയുടെ കൊലപാതകത്തിൽ 23കാരിയായ മകൾ ആയുഷി ശർമ അറസ്റ്റിലായി. അമ്മയുടെ ഗവൺമെന്‍റ് ജോലിയും കുടുംബസ്വത്തും തട്ടിയെടുക്കാനായാണ് അരുംകൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു. അമ്മാവനും ബന്ധുവിനുമൊപ്പം ചേർന്നാണ് യുവതി അമ്മയുടെ കൊലപാതകം ആസൂത്രണം ചെയ്തത്.
ജൂലൈ മൂന്നിന് മകനെ കോച്ചിങ് സെന്‍ററിലാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജയ്പൂർ പ്രതാപ് നഗറിൽ വച്ച് 45 കാരിയായ നീരജ ശർമ വണ്ടി ഇടിച്ച് മരിക്കുന്നത്. 130 കിലോമീറ്റർ സ്പീഡിൽ എത്തിയ സ്കോർപ്പിയോ ആണ് നീരജയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ 100 അടി ഉയരത്തിലേക്ക് നീരജ ഉയർന്ന് പൊങ്ങി. അപകടസ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചു. തുടർന്ന് പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇതൊരു അപകട മരണമല്ലെന്നും കൊലപാതകമാണെന്നും മനസിലാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം കുടുംബം തന്നെയാണ് നീരജയെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞത്.
ഒരു വർഷം മുൻപാണ് നീരജയുടെ ഭർത്താവ് മിക്കുന്നത്. ഇതിനു പിന്നാലെയാണ് നീരജയ്ക്ക് ഭർത്താവിന്‍റെ ജോലി കിട്ടിയത്. അച്ഛന്‍റെ ജോലി തനിക്കു വേണമെന്ന് ആയുഷി ആഗ്രഹിച്ചിരുന്നു. കൂടാതെ അമ്മയും മകളും തമ്മിൽ രണ്ട് വർഷമായി സ്വത്ത് തർക്കം നടക്കുന്നതായും പൊലീസ് കണ്ടെത്തി. തുടർന്നാണ് അമ്മാവനും ബന്ധുവിനുമൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്താൻ ആയുഷി പദ്ധതിയിട്ടത്. മൂന്നു പേരും ചേർന്ന് ഏഴ് ലക്ഷം രൂപ കൊടുത്ത് വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത്. ഒരു മാസം നീരജയെ കൊലയാളികൾ നിരീക്ഷിച്ചു. തുടർന്നാണ് കൊലനടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മക്കളും ബന്ധുക്കളും ഉൾപ്പടെ ഏഴ് പേർ പൊലീസ് പിടിയിലായി.