23 കാരി 7 മാസത്തിനിടെ വിവാഹം കഴിച്ചത് 25 പേരെ; വരന്‍റെ വേഷത്തിലെത്തി വിവാഹത്തട്ടിപ്പുകാരിയെ കുടുക്കി പൊലീസ്

രണ്ടു മൂന്നു ദിവസം വരനൊപ്പം തുടർന്നതിനു ശേഷം രാത്രിയിൽ പണവും സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി വീട് വിട്ടു പോകുകയാണ് പതിവ്.
25 grooms in 7 months, loot and scoot bride arrested

അനുരാധ പസ്വാൻ

Updated on

ജയ്പുർ: ഏഴ് മാസത്തിനിടെ 25 പേരെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയ വിവാഹത്തട്ടിപ്പുകാരി ഭോപ്പാലിൽ പിടിയിലായി. 23 വയസുള്ള അനുരാധ പസ്വാനെ ആണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 7 മാസത്തിനിടെ 25 പേരെയാണ് അനുരാധ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന യുവാക്കളാണ് അനുരാധയുടെ ഇരയായത്. വലിയ വിവാഹത്തട്ടിപ്പു സംഘത്തിലെ കണ്ണിയാണ് യുവതി.

ബ്രോക്കർമാരുടെ വേഷത്തിലെത്തുന്ന ഏജന്‍റുമാർ വഴി വരനുമായി പരിചയപ്പെട്ടതിനു ശേഷം നിയമപരമായി തന്നെ അനുരാധ വിവാഹം നടത്തും. രണ്ടു മൂന്നു ദിവസം വരനൊപ്പം തുടർന്നതിനു ശേഷം രാത്രിയിൽ പണവും സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി വീട് വിട്ടു പോകുകയാണ് പതിവ്. ഇതേ രീതിയിലാണ് അനുരാധ എല്ലാ വരന്മാരെയും കബളിപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കോൺസ്റ്റബിളിനെ തന്നെ വരന്‍റെ വേഷമിട്ട് എത്തിച്ചാണ് പൊലീസ് അനുരാധയെ കുടുക്കിയത്. ഏജന്‍റുമാർ വധുവായി അനുരാധയുടെ ഫോട്ടോ നൽകിയതിനു പിന്നാലെ ഇവരെ പിടികൂടുകയായിരുന്നു.

രാജസ്ഥാനിലെ സവായ് മാധോപുർ സ്വദേശി വിഷ്ണു ശർമ നൽകിയ പരാതിയിലാണ് രാജസ്ഥാനിലെ മാൻപുർ പൊലീസ് അന്വേഷണം നടത്തിയത്. വിവാഹം നടത്താമെന്ന് ഉറപ്പു നൽകിയ സുനിത, പാപ്പു മീന എന്നിവർക്കായി 2 ലക്ഷം രൂപ താൻ നൽകിയെന്നും ഏപ്രിൽ 20ന് ഇവരുടെ നേതൃത്വത്തിൽ അനുരാധയുമായി വിവാഹം കഴിച്ചുവെങ്കിലും മേയ് 2 മുതൽ വധുവിനെയും വീട്ടിലെ വിലപ്പെട്ട വസ്തുക്കളെയും കാണാനില്ലെന്ന് വ്യക്തമാക്കിയാണ് വിഷ്ണു ശർമ പരാതി നൽകിയിരുന്നത്.

ഉത്തർപ്രദേശിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അനുരാധ ഭർത്താവുമായി പിരിഞ്ഞതിനു പിന്നാലെയാണ് ഭോപ്പാലിലെത്തിയത്. പിന്നീടാണ് വിവാഹത്തട്ടിപ്പുകാരുമായി പരിചയപ്പെടുന്നത്. ഓരോ വിവാഹത്തിലൂടെയും 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് അനുരാധ നേടിയിരുന്നത്. പല സ്ഥലങ്ങളിലും പല പേരുകളിലാണ് അനുരാധ വധുവായി എത്തിയിരുന്നത്. വിഷ്ണു ശർമയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനു ശേഷം അനുരാധ ഗബ്ബാർ എന്നയാളെക്കൂടി വിവാഹം കഴിച്ചുവെന്നും ഇയാളിൽ നിന്ന് 2 ലക്ഷം രൂപ തട്ടിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com