
വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; പ്രതികൾ പിടിയിൽ
file image
കണ്ണൂർ: വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയവരെ പൊലീസ് പിടികൂടി. കണ്ണൂർ ഉളിക്കലിലാണ് സംഭവം. നുച്ചിയാട് സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ ഹക്കീം, കോമള എന്നിവരാണ് പിടിയിലായത്. 5 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ പൊലീസ് പരിശോധനക്കെത്തിയത്.
വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ തയാറായില്ല. തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് പ്രവേശിച്ചത്. പൊലീസിനെ കണ്ടതോടെ പ്രതികൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ നശിപ്പാൻ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. പ്രദേശത്ത് വിൽപ്പന നടത്താൻ വേണ്ടിയാണ് പ്രതികൾ ലഹരി എത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.