
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന്‍റെ ഇര; അച്ഛന്‍റെ സഹോദരൻ അറസ്റ്റിൽ
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതാവിന്‍റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കുട്ടി മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസം വരെ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെത്തുടർന്നാണ് പൊലീസ് വിശദമായി അന്വേഷണം നടത്തിയത്. കുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചിരുന്നതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാമോ എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
കുട്ടിയുടെ വീടിനടുത്തു തന്നെയാണ് പ്രതിയും താമസിച്ചിരുന്നത്. അമ്മ പുഴയിലെറിഞ്ഞതിനെത്തുടർന്ന് ആന്തരികാവയവങ്ങളിൽ വെള്ളം കയറിയതാണ് കുട്ടിയുടെ മരണകാരണമെങ്കിലും കുട്ടിയുടെ ദേഹത്ത് കണ്ട പാടുകളും മുറിവുകളുമാണ് സംശയത്തിനിടയാക്കിയത്. ഏറെക്കാലമായി പ്രകൃതി വിരുദ്ധ പീഡനത്തിന് പോലും കുട്ടി ഇരയായിരുന്നു.
ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
കുട്ടിയെ കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ഭർതൃഗൃഹത്തിൽ ശാരീരിക, മാനസിക പീഡനം നേരിട്ടതായി മൊഴി നൽകിയിരുന്നു.