പ്രസാദം കഴിച്ചതിന് തല്ലി; 4 വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് അച്ഛൻ

വീട്ടിൽ പൂജയ്ക്കു വേണ്ടിയുള്ള പ്രസാദം ഒരുക്കിയിരുന്നത് റീനയാണ്.
4-year-old girl dies after being beaten for consuming prasadam; mother arrested

റീന കുമാരി, സുഹാനി

Updated on: 

സമസ്തിപുർ: ഛാത്ത് പൂജയ്ക്കു മുൻപേ പ്രസാദം കഴിച്ചതിന്‍റെ പേരിൽ അമ്മ തല്ലിയ കുട്ടി മരിച്ചു. ബിഹാറിലെ സമസ്തിപുറിലാണ് സംഭവം. നാലു വയസുള്ള സുഹാനി കുമാരിയാണ് മരിച്ചത്. കുട്ടിയുടെ അമ്മ റീന കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഛാത്ത് പൂജയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾക്കായി അടുത്തുള്ള നദീതീരത്തേക്ക് ബന്ധുക്കളെല്ലാം പോയ സമയത്താണ് കുട്ടിയെ തല്ലിയതെന്ന് കുട്ടിയുടെ അച്ഛൻ രാജു പസ്വാൻ പറയുന്നു.

വീട്ടിൽ പൂജയ്ക്കു വേണ്ടിയുള്ള പ്രസാദം ഒരുക്കിയിരുന്നത് റീനയാണ്. പൂജയ്ക്കൊരുക്കിയ പ്രസാദം കുട്ടി കഴിച്ചതോടെ റീന കുട്ടിയെ തല്ലുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജുവിന്‍റെയും റീനയുടെയും മൂന്നു കുട്ടികളിൽ രണ്ടാമത്തെ കുട്ടിയാണ് സുഹാനി.

മകൾ മരിച്ചത് സഹിക്കാനാകുന്നില്ലെന്നും ഭാര്യക്ക് പരമാവധി ശിക്ഷ നൽകണമെന്നും രാജു പസ്വാൻ പറയുന്നു. ഭാര്യയെ ഇനി തനിക്ക് ആവശ്യമില്ലെന്നും കുട്ടികളെയെല്ലാം ഒറ്റയ്ക്ക് വളർത്താൻ തയാറാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.