

അത്താഴത്തിന് ഉരുളക്കിഴങ്ങ് കറി വിളമ്പിയത് ഇഷ്ടപ്പെട്ടില്ല; ഭർത്താവ് കല്ലു കൊണ്ടിടിച്ച 40കാരിക്ക് ഗുരുതര പരുക്ക്
ഭാദോഹി: അത്താഴത്തിന് ഉരുളക്കിഴക്ക് കറി വിളമ്പിയത് ഇഷ്ടപ്പെടാഞ്ഞതിന്റെ പേരിൽ ഭാര്യയെ കല്ലു കൊണ്ടിടിച്ചും കടിച്ചും പരുക്കേൽപ്പിച്ച ഭർത്താവിനെതിരേ കേസ്. ഉത്തർപ്രദേശിലെ ദൊമ്മാപുർ ഗ്രാമത്തിൽ ഒക്റ്റോബർ 12നാണ് സംഭവം. 40 വയസുള്ള പ്രീതി വിശ്വകർമയാണ് ആക്രമിക്കപ്പെട്ടത്. പ്രീതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ഭർത്താവ് ഓം പ്രകാശ് വിശ്വകർമയ്ക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അത്താഴത്തിന് എന്തിനാണ് ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കിയതെന്ന ഓം പ്രകാശിന്റെ ചോദ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് സർക്കിൾ ഓഫിസർ രാജീവ് കുമാർ സിങ് പറയുന്നു. വീട്ടിലുള്ള സാധനങ്ങൾ കൊണ്ടേ കറി ഉണ്ടാക്കാൻ പറ്റൂ എന്ന് പ്രീതി മറുപടി നൽകി. വാക്കേറ്റത്തിനൊടുവിൽ പ്രീതിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഓം പ്രകാശ് കടിച്ച് മുറിവേൽപ്പിച്ചുവെന്നും കല്ലു കൊണ്ട് തലയിൽ ഉൾപ്പെടെ പല തവണ ഇടിച്ചുവെന്നും പൊലീസ് പറയുന്നു.
പ്രീതി ബോധരഹിതയായതോടെ ഓം പ്രകാശ് വീട്ടിൽ നിന്ന് ഓടി രക്ഷപെട്ടു. കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഓം പ്രകാശ് ഇപ്പോഴും ഒളിവിലാണ്. കൊലപാതക ശ്രമം, ക്രമസമാധാനം ലംങിക്കുന്നതിനുള്ള മനപൂർവമായ ശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.