

93 ദശലക്ഷം ഡോളറിന്‍റെ മെഡികെയർ തട്ടിപ്പ്; ഇന്ത്യൻ വംശജൻ യുഎസിൽ പിടികിട്ടാപ്പുള്ളി
Representative image
വാഷിങ്ടൺ: വ്യാജ ജനിതക പരിശോധനാ ക്ലെയിമുകൾ സമർപ്പിച്ച് യുഎസിലെ മെഡികെയർ ആരോഗ്യപദ്ധതിയിൽ നിന്ന് 93 ദശലക്ഷം ഡോളർ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജനെ യുഎസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഖദീർ ഖാൻ മുഹമ്മദ് എന്നയാളെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതെന്ന് യുഎസ് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ത്യയിലേക്ക് കടന്ന ഇയാൾ നിലവിൽ ഹൈദരാബാദിൽ ഉണ്ടെന്നാണ് യുഎസ് അധികൃതർക്ക് ലഭിച്ച സൂചന.
തിരിച്ചടവ് ലഭിക്കാൻ അർഹതയില്ലാത്ത ജനിതക പരിശോധനകൾക്കായി ഇയാൾ നേരിട്ടോ മറ്റുള്ളവരെ ഉപയോഗിച്ചോ വ്യാജ ക്ലെയിമുകൾ സമർപ്പിച്ചതായാണ് ആരോപണം. 'അമേരിക്കൻ പ്രീമിയർ' എന്ന സ്ഥാപനത്തെ ഉപയോഗിച്ചാണ് ഏകദേശം 93 ദശലക്ഷം ഡോളറിന്‍റെ വ്യാജ മെഡികെയർ ക്ലെയിമുകൾ ഇയാൾ സമർപ്പിച്ചത്.
2023 ഓഗസ്റ്റ് മുതൽ 2024 ഒക്റ്റോബർ വരെയുള്ള കാലയളവിൽ ടെക്സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലും മറ്റ് പ്രദേശങ്ങളിലും ഉള്ള ഡോക്റ്റർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ചാണ് ഇയാൾ ജനിതക പരിശോധനകൾക്കായി ക്ലെയിമുകൾ നൽകിയത്.