അഭിമന്യു വധക്കേസ്: നാലു മാസത്തിനകം വിധി പറയണം

ഇനി സമയം നീട്ടി നൽകില്ലെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി
abhimanyu-murder-case-chargesheet-read-out-accused-deny-charges

അഭിമന്യു വധക്കേസ്: നാലു മാസത്തിനകം വിധി പറയണം

Updated on

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്‍റെ വധക്കേസിൽ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് അഭിമന്യുവിന്‍റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിൽ ഈ നിര്‍ദേശം. ഇനി സമയം നീട്ടി നൽകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നേരത്തേ, കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് അടക്കം 5 പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിര കുറ്റപത്രം നൽകാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആയിരുന്നു ആവശ്യം.

എന്നാൽ ആദ്യ 16 പ്രതികൾ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയിൽ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.

2018 ജൂലൈ 2നാണ് ക്യാoപസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. ഈ കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്നു കാണാതായതും വലിയ വിവാദമായിരുന്നു. പിന്നീട് രേഖകൾ വീണ്ടും തയാറാക്കിയാണ് വിചാരണാ നടപടികളിലേക്കു കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരേ അഭിമന്യുവിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂ‍ർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com