കവർച്ച‍യ്ക്ക് ഇരയായി കിണറ്റിൽ അകപ്പെട്ട സ്ത്രീ 21 മണിക്കൂറിനുശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു

Woman who fell into a well after being robbed

കവര്‍ച്ചയ്ക്ക് ഇരയായി കിണറ്റില്‍ അകപ്പെട്ട സ്ത്രീ

Updated on

ഹൈദരാബാദ്: കവർച്ചയ്ക്ക് ഇരയായി 21 മണിക്കൂർ കിണറ്റിൽ അകപ്പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീയുടെ പക്കലുള്ള സ്വർണവും പണവും കവർന്നശേഷം ഇവരെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് സംഭവം.

കൂലിപ്പണിക്കാരിയായ ടി. ലക്ഷ്മി (55) ആണ് കവർച്ചയ്ക്ക് ഇരയായത്. 21കാരനായ വിദ്യാർഥിയാണ് കൃത്യം നടത്തിയത്. ഓൺലൈൻ ചൂതാട്ടത്തിൽ നാലു ലക്ഷത്തോളം രൂപ നഷ്ടമായതിനെ തുടർന്നാണ് വിദ്യാർഥി കവർച്ച ആസൂത്രണം ചെയ്തത്. തന്നെ തിരിച്ചറിയാതിരിക്കാനാണ് കൊലപ്പെടുത്താൻ വേണ്ടി വിദ്യാർഥി സ്ത്രീയെ കിണറ്റിൽ തള്ളിയിട്ടത്.

അമ്മയെ കാണാനില്ലെന്നു പറഞ്ഞ് ലക്ഷ്മിയുടെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കിണറ്റിൽ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ചുവെന്ന് പറഞ്ഞ് നുസ്തലപുർ എന്ന ഉൾഗ്രാമത്തിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ലക്ഷ്മിയുടെ മൊഴി എടുത്തപ്പോഴാണ് കവർച്ചയ്ക്ക് ഇരയാക്കി കിണറ്റിൽ തള്ളിയിട്ടതാണെന്ന വിവരം പുറത്തുവന്നത്.

ഫാമിൽ ജോലി നൽകാമെന്ന് പറഞ്ഞ് അജ്ഞാതനായ ഒരാൾ തന്നെ കൂട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവെച്ച് കവർച്ചയ്ക്ക് ഇരയാക്കി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് ലക്ഷ്മി മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. ലക്ഷ്മിയുടെ അഞ്ചു ഗ്രാമിന്‍റെ സ്വർണാഭരണങ്ങളും 20 ഗ്രാമിന്‍റെ വെള്ളി കൊലുസുകളും പണവുമാണ് കവർന്നത്.

കിണറ്റിൽ ഉണ്ടായിരുന്ന കയറിൽ പിടിക്കാൻ സാധിച്ചതിനെ തുടർന്നാണ് ലക്ഷ്മി രക്ഷപ്പെട്ടത്. 21 മണിക്കൂറോളം ഇത്തരത്തിൽ കിണറ്റിൽ തന്നെ കഴിയുകയായിരുന്നു. പിറ്റേദിവസം കൃഷിയിടത്തിൽ എത്തിയ കർഷകരാണ് കിണറ്റിൽ നിന്ന് ലക്ഷ്മിയെ രക്ഷിച്ചത്. പ്രതിയെ പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചുവെന്ന് കരിംനഗർ പൊലീസ് കമ്മിഷണർ ഗൗസ് ആലം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com