

പ്രതി പി.കെ. ഷാബിൻ
കോട്ടയം: ചങ്ങനാശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും ശിക്ഷ. കുറിച്ചി ഇത്തിത്താനം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ പി.കെ. ഷാബിനെയാണ് ശിക്ഷിച്ചത്.
ഫോണിലൂടെ 17 വയസുകാരിയായ അതിജീവിതയെ പരിചയപ്പെട്ട പ്രതി, പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. തുടർന്ന് വീഡിയോകോൾ വഴി നഗ്നത പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുകയും, ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുനൽകുകയും ചെയ്തതായും പ്രോസിക്യൂഷൻ വാദിച്ചു. ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. ഈടാക്കുന്ന പിഴത്തുകയിൽ നിന്ന് 41,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിചാരണയ്ക്കിടെ 27 സാക്ഷികളെയും 47 രേഖകളും കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.