
റീന വർഗീസ് കണ്ണിമല
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം മലയാളിയുടെ മനഃസാക്ഷിയിൽ ഏൽപ്പിക്കുന്ന ആഘാതത്തിനൊപ്പം ഓർമയിൽ തെളിയുന്ന മറ്റൊരു സമാനമായ ദുഹൂര മരണമുണ്ട്. ഇന്നും പൂർണമായി ഉത്തരം കിട്ടാതെ കേരള ജനതയ്ക്കു മുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുന്ന, വയനാട് ഗാന്ധിഗ്രാമം മാനെജിങ് ഡയറക്റ്ററും സ്ഥാപകനുമായിരുന്ന ഡോ. ദേവദാസിന്‍റെ അകാല മരണം.
പറയത്തക്ക കുടുംബപ്രശ്നങ്ങളോ സാമ്പത്തിക പരാധീനതയോ ഇല്ലാതിരിക്കെയാണ് 2016 ജനുവരിയിൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു ഹോട്ടലിൽ റൂമെടുത്ത അദ്ദേഹം തൂങ്ങി മരിച്ചതായി കണ്ടത്.
ദേവദാസിനെ രാത്രിയിൽ ഹോട്ടൽ മുറിയിൽ എത്തിച്ച അജ്ഞാതൻ പുലർച്ചെ മൂന്നു മണിയോടെ ആ ഹോട്ടൽ മുറിയിലെത്തി അദ്ദേഹത്തെ അന്വേഷിച്ച് തിരിച്ചു പോയതായി ആ ഹോട്ടലിലെ ജീവനക്കാർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടും കസബ പൊലീസ് സ്റ്റേഷന്‍റെ എഫ്ഐആറിൽ അതില്ല.
ദേവദാസിനെ തൂങ്ങിയ നിലയിൽ കണ്ട സഹോദരൻ പറയുന്നത് അദ്ദേഹത്തിന്‍റെ മൂക്കും ചെവിയും ചേർത്ത് സെല്ലോ ടേപ്പ് ഒട്ടിച്ച്, നെറ്റിയിൽ പോറലേറ്റ നിലയിലായിരുന്നു താൻ കണ്ടതെന്നാണ്.
ദേവദാസ് ആത്മഹത്യ ചെയ്തു എന്ന് എഴുതിത്തള്ളിയ പൊലീസുകാരും സമ്മതിക്കുന്നു, അദ്ദേഹം മരണത്തിനു മുമ്പ് ഉറക്ക ഗുളികകൾ കഴിച്ചിരുന്നതിന്‍റെ തെളിവ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതായി. അങ്ങനെയെങ്കിൽ ആ ഗുളികകൾ അദ്ദേഹത്തെ നിർബന്ധപൂർവം കഴിപ്പിച്ച ശേഷം വായും ചെവിയും മൂടി സെല്ലോ ടേപ്പ് വച്ച് ബലമായി ഒട്ടിച്ചത് ആരാണ്? അതിന് പൊലീസ് ഇതു വരെ മറുപടി നൽകിയിട്ടില്ല.
ദേവദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട ഹോട്ടൽ മുറിയും പൂട്ടിയിരുന്നില്ല എന്നതും അദ്ദേഹവും ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചില്ല എന്നതും നവീൻ ബാബുവിന്‍റെ ദുരൂഹ മരണവുമായി വളരെ അടുത്തു നിൽക്കുന്നു. ഈ രണ്ടു മരണങ്ങളും ഒരേ ജില്ലയിൽ തന്നെ നടന്നിരിക്കാം എന്നതിനും സാധ്യത ഏറുന്നു. ചില പ്രത്യേക കൊലയാളികളുടെ പ്രത്യേക കൊലപാതക ശൈലികൾ പിന്തുടർന്ന പൊലീസ് ഇതിനു മുമ്പും ഉത്തരം കിട്ടാത്ത നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി യിട്ടുണ്ടല്ലോ. ആ രീതിയിൽ നവീൻ ബാബു-ദേവദാസ് ദുരൂഹ മരണങ്ങൾ അന്വേഷിക്കേണ്ടതാണ്.
ദേവദാസിന്‍റെ നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതല്ലാ ത്തതിനാൽ ആക്രമണം മൂലമല്ല എന്നാണ് കസബ പൊലീസ് അന്ന് എഴുതി തള്ളിയത്. എന്നാൽ, ബലപ്രയോഗത്തിലൂടെ ഉറക്ക ഗുളികകൾ കഴിപ്പിച്ച് വായും ചെവിയും സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചപ്പോൾ ഉണ്ടായ മുറിവല്ല അതെന്ന് എന്താണ് തെളിവ്? അതിനു പൊലീസ് ഉത്തരം പറഞ്ഞിട്ടില്ല ഇതുവരെ.
നവീൻ ബാബുവിനെയും ദേവദാസിനെയും ആത്മഹത്യ ചെയ്തവരായി എത്ര പെട്ടെന്നാണ് സ്ഥാപിക്കപ്പെട്ടത്! ഈ രണ്ടു മരണങ്ങളിലെയും ദുരൂഹതയിലെ സമാനതകളും, അത് നടന്നതായി കരുതാവുന്ന പ്രദേശവും എല്ലാം ഇതിനു പിന്നിൽ ഒരാൾ, അല്ലെങ്കിൽ ഒരേ സംഘം തന്നെയാകാം എന്ന സംശയമുണർത്തുന്നു.
കേവലം അസ്വാഭാവിക മരണമല്ല, പിടികിട്ടാത്ത കൊലപാതകങ്ങൾ തന്നെയാണ് ഇതു രണ്ടും. വിശദമായ അന്വേഷണങ്ങളാണ് ആവശ്യം. 11.10ന് മലബാർ എക്സ്പ്രസിന്‍റെ എസി കോച്ചിൽ ഉണ്ടായിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ നവീൻ ബാബുവിന് എന്താണ് പറ്റിയത്? ഉത്തരം കണ്ടെത്തണം, സമൂഹത്തോടു പറയുകയും വേണം ബന്ധപ്പെട്ടവർ.