
റീന വർഗീസ് കണ്ണിമല
കേരളത്തെ കണ്ണീരിലാഴ്ത്തിയ എഡിഎം നവീൻ ബാബുവിന്‍റെ ദുരൂഹ മരണം ഒരുപാടു സത്യങ്ങൾ കേരളത്തോടു വിളിച്ചു പറയുന്നു. അഴിമതിയിലൂടെ കോടികൾ നേടാമായിരുന്നിട്ടും ക്വാറി മാഫിയകളുടെ പേടിസ്വപ്നമായിരുന്നു സത്യസന്ധനായിരുന്ന ആ ഉദ്യോഗസ്ഥൻ. അതിനിടയ്ക്കാണ് ചീറ്റിപ്പോയ ഓലപ്പടക്കമായി പി.പി. ദിവ്യയുടെ പെട്രോൾ പമ്പ് കൈക്കൂലി വിവാദം.
പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസി (നിരാക്ഷേപ പത്രം) ലഭിക്കുന്നതിനായി ടി.വി. പ്രശാന്തൻ നൽകിയ അപേക്ഷയും അതിൻമേലുണ്ടായ നടപടികളും കൂടുതൽ വ്യക്തമായി മനസിലാക്കിയാൽ നവീൻ ബാബുവിന്‍റെ നിരപരാധിത്വം കൂടുതൽ ബോധ്യമാകും. അതിങ്ങനെ:
പ്രശാന്തൻ എൻഒസിക്ക് അപേക്ഷ നൽകിയത് കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന്. നവീൻ ബാബു എഡിഎം ആയി കണ്ണൂരിലെത്തുന്നത് ഈ വർഷം ഫെബ്രുവരിയിൽ. നിരാക്ഷേപ പത്രത്തിന് അനുമതി ലഭിക്കുന്നത് ഫെബ്രുവരി 21ന് ചെങ്ങളായി പഞ്ചായത്തിൽ നിന്നും 22ന് ജില്ലാ ഫയർ ഓഫീസിൽ നിന്നും 28ന് റൂറൽ പൊലീസ് മേധാവിയിൽ നിന്നും മാർച്ച് 30ന് തളിപ്പറമ്പ് തഹസിൽ ദാരിൽ നിന്നും 31ന് ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും അനുകൂല റിപ്പോർട്ടുകൾ വന്നു.
പ്രതികൂല റിപ്പോർട്ടു നൽകിയത് റൂറൽ പൊലീസ് മേധാവി മാത്രം. വളവുകളുള്ള ഭാഗത്ത് അനുമതി നൽകിയാൽ പമ്പിലേയ്ക്ക് വാഹനങ്ങൾ കയറിയിറങ്ങുമ്പോഴെല്ലാം അപകട സാധ്യത കൂടുതലാണ് എന്നതായിരുന്നു അതിനു കാരണമായി പൊലീസ് റൂറൽ മേധാവി നൽകിയ വിശദീകരണം. ഈ റിപ്പോർട്ടിന്മേൽ എഡിഎം എന്ന നിലയിൽ നവീൻ ബാബുവിന് വേണമെങ്കിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകാതിരിക്കാമായിരുന്നു. എന്നാൽ, അദ്ദേഹം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടുകയാണ് ചെയ്തത്.
അങ്ങനെയാണ് കാഴ്ച മറയുന്ന രീതിയിലുള്ള കുറ്റിച്ചെടികൾ വെട്ടിമാറ്റിയും ഭൂമിയുടെ കിടപ്പ് നേരെയാക്കിയും അനുമതി നൽകാം എന്ന് ടൗൺ പ്ലാനർ സെപ്റ്റംബർ 30 നു നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഒക്റ്റോബർ 9ന് നിരാക്ഷേപ പത്രം നൽകിയത്.
സെപ്റ്റംബർ 30 നും ഒക്റ്റോബർ 9 നുമിടയിലുള്ള ഒരാഴ്ചക്കാലം മാത്രം നീളുന്ന പ്രവൃത്തി ദിവസങ്ങൾക്കിടയിൽ എന്ത് വൈകിപ്പിക്കലാണ് എഡിഎം നടത്തിയത്?
എഡിഎമ്മിനെതിരെ കൈക്കൂലി വിവാദമുയർത്തി പ്രശാന്തൻ മുഖ്യമന്ത്രിക്കു നൽകിയെന്നു പറയുന്ന പരാതിയിൽ പറയുന്നത് നിരാക്ഷേപ പത്രം ഒക്റ്റോബർ 8 നു ലഭിച്ചതായിട്ടാണ്. എഡിഎം ഈ നിരാക്ഷേപ പത്രത്തിൽ അനുമതി നൽകി ഒപ്പിട്ടിരിക്കുന്നതാകട്ടെ ഒക്റ്റോബർ 9നും.
പരിയാരം മെഡിക്കൽ കോളെജിലെ ഇലക്‌ട്രിക്കൽ വിഭാഗം ജീവനക്കാരനായ പ്രശാന്തന് സർക്കാർ സർവീസിലിരിക്കെ സംരംഭകനാകാൻ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ, എഡിഎമ്മിന്‍റെ പോസ്റ്റ്മോർട്ടം ഇയാൾ ജീവനക്കാരനായിരിക്കുന്ന ഇതേ മെഡിക്കൽ കോളെജിൽ നടത്തിയത് എത്രത്തോളം അഴിമതി രഹിതമായിട്ടായിരിക്കും എന്നും ചോദ്യങ്ങളുയരുന്നു.
നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു
പ്രശാന്തനോട് 98,000 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപണമുയരുന്ന നവീൻ ബാബു എന്നും ക്വാറി മാഫിയയുടെ ആജന്മശത്രുവായിരുന്നു. ക്വാറി മാഫിയകൾ കോടികൾ വാഗ്ദാനം ചെയ്തിട്ടും അതിലൊന്നും വീഴാത്ത അദ്ദേഹം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. കണ്ണൂരിലെ വൻ ക്വാറി മാഫിയകൾക്ക് നവീൻ ബാബു ഒരു വലിയ മാർഗതടസം തന്നെയായിരുന്നു.
ക്വാറികളിൽ നിന്നു കിട്ടാവുന്ന കോടികൾ തടസപ്പെടുത്തുന്ന ആജന്മശത്രുവായി നവീൻ ബാബുവിനെ ഏതെങ്കിലും ജനപ്രതിനിധിയോ ഉന്നത ഉദ്യോഗസ്ഥരോ കണ്ടെങ്കിൽ അതിനെ കുറ്റം പറയാനാകില്ല! കാരണം അത്രമേൽ ക്വാറി മാഫിയകൾക്കടിമപ്പെട്ട ഭരണ സിരാകേന്ദ്രങ്ങളാണ് ഇന്നു കേരളത്തിലെമ്പാടും.
കഴിഞ്ഞ ജൂലൈ മുതൽ കണ്ണൂരിൽ വൻ പൊതുജന പ്രതിഷേധത്തിനിടയാക്കിയ ഒന്നാണ് തട്ടുമ്മൽ കൂവക്കര മലയിൽ സ്വകാര്യ വ്യക്തി ക്വാറി തുടങ്ങാൻ നടത്തിയ ശ്രമങ്ങൾ. ഒരു നാടു മുഴുവൻ ആശ്രയിക്കുന്ന ജലസ്രോതസ് ഈ മലയിലാണ്. പെരുമ്പപ്പുഴയുടെ ഉത്ഭവ സ്ഥാനമാണ് കൂവക്കര മല. ഈ ക്വാറിയുടെ സമീപത്തായി തട്ടുമ്മൽ ദിവ്യപുരം ക്ഷേത്രം രണ്ട് ജുമാ മസ്ജിദ്, മദ്രസകൾ, നെടുംചാൽ കരിമണൽ ചാമുണ്ഡി ക്ഷേത്രം, ക്രിസ്ത്യൻ പള്ളി, അങ്കണവാടികൾ തുടങ്ങിയവ നിർദിഷ്ട ക്വാറിയുടെ 300 മീറ്റർ ചുറ്റളവിൽ ഉണ്ടായിട്ടാണ് എല്ലോറ എന്ന ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകിയത്.
ചെറുപുഴ പഞ്ചായത്തിലാണ് തട്ടുമ്മൽ നെടുംതട്ട് കൂവക്കര മല. ഇതിനെതിരെ പ്രദേശവാസികള്‍ രൂപീകരിച്ച അക്ഷൻ കമ്മിറ്റിക്ക് നീതി ലഭിച്ചത് അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റായി നവീൻ ബാബു എത്തിയതിനു ശേഷമാണ്.
എല്ലോറ എന്ന ക്വാറി തുടങ്ങുന്നതിനായി നിർദിഷ്ട-കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാൻ ധൃതഗതിയിലാണ് നീക്കങ്ങൾ നടന്നിരുന്നത്. ടവർ മാറ്റുന്നതിനായി തദ്ദേശ ഭരണവകുപ്പിന് ഒരു കോടി രൂപ വരെ നഷ്ടപരിഹാരം നൽകാൻ എല്ലോറ ക്വാറി ഉടമകൾ തയാറായിരുന്നു. ക്വാറിക്കായി ടവറിന്‍റെ നിർമാണം താമസിപ്പിക്കുകയാണ് എന്ന് ആരോപിച്ച ആക്ഷൻ കമ്മിറ്റിക്ക് ആശ്വാസമായത് അഡിഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റായി നവീൻ ബാബു എത്തിയതോടെയാണ്.
അദ്ദേഹം ജനങ്ങളുടെ പരാതിയത്രയും ക്ഷമയോടെ കേട്ടു. ജനങ്ങൾക്കൊപ്പം നിന്നു. ജനങ്ങൾക്കനുകൂലമായി വിധി പ്രസ്താവിച്ചു. എല്ലോറ ക്വാറിയിലേയ്ക്കുള്ള റോഡ് പണിയടക്കം എല്ലാം നിലച്ചു. അങ്ങനെ എല്ലോറ എന്ന പേരില്‍ ക്വാറിയും ക്രഷറും നടത്തുന്നതിന് 2023ൽ കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മുന്‍പാകെ ക്വാറി നടത്തിപ്പുകാരിലൊരാള്‍ നൽകിയ അപേക്ഷ വെറും ക്വാറി മാഫിയയ്ക്ക് വെറും ദിവാസ്വപ്നം മാത്രമായി.
നവീൻ ബാബുവിന്‍റെ ഈ മുഖം നോട്ടമില്ലാത്ത ശക്തമായ നടപടികൾ കുറച്ചൊന്നും ശത്രുക്കളെയല്ല അദ്ദേഹത്തിന് സമ്പാദിച്ചു നൽകിയിട്ടുള്ളത്.
സ്ഥലം മാറ്റം കിട്ടി എത്താനിരുന്ന പത്തനം തിട്ടയും ക്വാറികളാൽ സമ്പന്നമാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തെ തീർക്കേണ്ടത് അടിയന്തിരാവശ്യമായി കരുതിയ ക്വാറി മാഫിയ കണ്ണൂർ കലക്റ്ററെയും പി.പി.ദിവ്യയെയും മറയാക്കി നടത്തിയ നാടകങ്ങളാകാം അദ്ദേഹത്തിന്‍റെ ദുരൂഹ മരണത്തിൽ എത്തിച്ചത്.
നവീൻ ബാബുവിന്‍റേത് ആത്മഹത്യയോ കൊലപാതകമോ?
എഡിഎമ്മിനെ താൻ റെയിൽവേ സ്റ്റേഷനിൽ വിട്ടില്ല എന്നാണ് അദ്ദേഹത്തിന്‍റെ ഡ്രൈവർ ഷംസുദ്ദീൻ പറയുന്നത്. അദ്ദേഹത്തിന്‍റെ മരണം ആദ്യം അറിഞ്ഞതും ഇതേ ഡ്രൈവർ ആണ്.
തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടണമെന്നു പറഞ്ഞിരുന്നു നവീൻ ബാബു എന്നും അദ്ദേഹത്തിന്‍റെ കൈയിൽ വീട്ടിലേയ്ക്കു പോകാനുള്ള രണ്ടു ബാഗുകൾ ഉണ്ടായിരുന്നു എന്നും ഇതേ ഡ്രൈവർ തന്നെ പറയുന്നു. എന്നിട്ട് അദ്ദേഹം റെയിൽവേ സ്റ്റേഷനെത്തും മുമ്പുള്ള മുനീശ്വര കോവിലിനടുത്ത് വച്ച് ഒരു സുഹൃത്ത് വരാനുണ്ട് എന്നു പറഞ്ഞ് ഇറങ്ങിയെന്നും താൻ കാർ കലക്‌ട്രേറ്റിൽ തിരിച്ചു കൊണ്ടിട്ടു എന്നും ഷംസുദ്ദീൻ പറഞ്ഞിരിക്കുന്നു.
കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള അദ്ദേഹം മുനീശ്വരൻ കോവിലിനടുത്ത് ഇറങ്ങിയതായോ മറ്റൊരു സുഹൃത്തിനെ കാത്തു നിന്നതായോ ഭാര്യയോടോ മക്കളോടോ നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഇല്ല. മറിച്ച് താൻ കണ്ണൂര് നിന്നും ട്രെയിനിൽ കയറിയെന്നും ഭാര്യ ബുക്കു ചെയ്ത സീറ്റിൽ തന്നെ യാത്ര ചെയ്യുന്നു എന്നുമാണ് അറിയിച്ചത്. 8.55 ന് കണ്ണൂര് നിന്നു പുറപ്പെട്ട മലബാർ എക്സ്പ്രസിന്‍റെ എസി കോച്ചിൽ രാത്രി 11.10 വരെ അദ്ദേഹം ഉണ്ടായിരുന്നു എന്നാണ് മക്കളുമായി നടത്തിയ ഫോൺ സംഭാഷണം വ്യക്തമാക്കുന്നത്. 11.4ന് ന് മലബാർ എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷൻ വിടും.അത് 11.14 ന് താനൂർ സ്റ്റേഷനിലെത്തും.
അങ്ങനെയെങ്കിൽ കോഴിക്കോട് ജില്ലയിലെവിടെയോ നിന്ന് അദ്ദേഹത്തെ ആക്രമിച്ചു വധിച്ചവർ പിന്നീട് അദ്ദേഹത്തെ കൊന്നു ക്വാർട്ടേഴ്സിൽ കൊണ്ടിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡ്രൈവറുടെ പെരുമാറ്റവും അദ്ദേഹത്തിന്‍റെ മുറി തുറന്നു കിടന്നതും ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലാതിരുന്നതും ഇതോടു ചേർത്തു വായിക്കണം.