

ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാൻ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
representative image
കൊച്ചി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) അസിസ്റ്റന്‍റ് ഡയറക്റ്ററാണെന്ന വ്യാജേനെ പണം തട്ടാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് സ്വദേശി രാജേന്ദ്രനെയാണ് (54) എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ആലുവയിലെ ഇന്ത്യൻ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് (ഐസിസിഎസ്എൽ) ഇഡിയുടെ പേരിൽ ഇയാൾ വ്യാജ കത്തയച്ചെന്നാണ് പൊലീസ് പറയുന്നത്. സ്ഥാപനത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കത്തിൽ അവകാശപ്പെട്ടായിരുന്നു പണം തട്ടാനുള്ള ശ്രമം.
കത്തിൽ സംശയം തോന്നിയ സ്ഥാപന അധികൃതർ പൊലീസിനെ സമീപിച്ചു. തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട് കത്തിൽ പരാമർശിച്ച ഉദ്യോഗസ്ഥന്‍റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടമാണെന്ന് വ്യക്തമായത്.
എറണാകുളം റൂറൽ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.