

എറിൻ പിയാസെന്‍റി, പ്രതി പമേല
വാഷിങ്ടൺ: ബാങ്ക് ഒഫ് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് എറിൻ പിയാസെന്‍റി കൊല്ലപ്പെട്ടു. എറിനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടി വച്ചു കൊന്നു. ന്യൂയോർക്ക് സിറ്റിയിലെ ടൈം സ്ക്വയറിൽ വച്ചാണ് 32വയസുള്ള എറിൻ ആക്രമിക്കപ്പെട്ടത്. അടുത്തിടെ അമ്മയായ എറിൻ ഗർഭകാല അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതിനു തൊട്ടു പിന്നാലെയാണ് മരണപ്പെട്ടത്. 49 വയസുള്ള പമേല സിസ്നെറോസ് എന്ന സ്ത്രീയാണ് കത്തിയുമായി യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തിയത്. 68 വയസായ മറ്റൊരാളെയും പ്രതി കുത്തിയിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരക്കേറിയ നഗരത്തിൽ വച്ച് പമേല യാതൊരു പ്രകോപനവും കൂടാതെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇവരുടെ ബാഗിൽ രണ്ട് വലിയ കത്തികളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് കൈയിലും കത്തിയുമായി ആക്രമിക്കാൻ നിന്നിരുന്ന പമേലയെ പൊലീസ് വളഞ്ഞുവെങ്കിലും അവർ വീണ്ടും ആക്രമണത്തിനു തുനിഞ്ഞതോടെയാണ് വെടി വച്ചു കൊന്നത്.
പ്രതിയായ സ്ത്രീ മാനസിക പ്രശ്നം നേരിടുന്ന സ്ത്രീയാണെന്നും ഇവർക്ക് 3 മക്കളുണ്ടെന്നും പൊലീസ് കമ്മിഷണർ ജെസീക ടിഷ് പ്രതികരിച്ചു. 2018ലും 2019 ലും ഇവർ പൊലീസിനു നേരെ ആക്രമണം നടത്തിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. വിവാഹമോചിതയായ ശേഷം പമേല മാനസിക പ്രശ്നത്തിന് മരുന്നുകൾ കഴിച്ചു വരുകയായിരുന്നുവെന്നും ഒരിക്കലും അക്രമാസക്തയായിട്ടില്ലെന്നും അവരുടെ സഹോദരൻ പാട്രിക്ക് പറയുന്നു.