75 കോടി രൂപയുടെ എംഡിഎംഎ, ഏറ്റവും വലിയ ലഹരിമരുന്നു വേട്ട; ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ

ട്രോളി ബാഗുകളിൽ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു എംഡിഎംഎ.
biggest drug hunt karnataka, two south africans held

ബംബ ഫാന്‍റ്, അബിഗെയിൽ അഡോണിസ്

Updated on

മംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയിൽ രണ്ടു ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ. എഴുപത്തഞ്ചു കോടി രൂപ വിലമതിക്കുന്ന 37 കിലോഗ്രാം എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ സ്വദേശികൾ ബംബ ഫാന്‍റ് (31), അബിഗെയിൽ അഡോണിസ് (31) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ മംഗളൂരുവിലെ പമ്പ് വെല്ലിൽ നിന്ന് ഹൈദർ അലി എന്ന യുവാവിനെ 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണമാണു സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയിലേക്കു നയിച്ചതെന്നു മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ.

ഹൈദർ അലിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം നൈജീരിയൻ പൗരനായ പീറ്ററുടെ അറസ്റ്റിന് വഴിയൊരുക്കിയിരുന്നു. ഇയാളുടെ പക്കൽ നിന്ന് ആറു കോടിയുടെ എംഡിഎംഎ പിടികൂടി. തുടരന്വേഷണത്തിൽ ഡൽഹിക്കും ബംഗളൂരുവിനുമിടയിൽ വിമാനമാർഗം ലഹരിമരുന്നു കടത്തുന്ന അന്താരാഷ്‌ട്ര ശൃംഖലയെക്കുറിച്ചു വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ബംഗളൂരു നഗരത്തിലെത്തിയാണു നീലാദ്രി നഗറിൽ താമസിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ യുവതികളെ പിടികൂടിയത്.

ട്രോളി ബാഗുകളിൽ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു എംഡിഎംഎ. നാലു മൊബൈൽ ഫോണുകളും പാസ്പോർട്ടുകളും 18000 രൂപയും ഇവരിൽ നിന്നു കണ്ടെടുത്തു. ബംഗളൂരുവിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും പ്രവർത്തിക്കുന്ന നൈജീരിയൻ ഇടപാടുകാർക്ക് ലഹരിമരുന്നെത്തിക്കുന്നത് ഇവരാണെന്നു കരുതുന്നതായി പൊലീസ്. യാത്രയ്ക്കായി ഇവർ വ്യാജ പാസ്പോർട്ടുകളും വിസകളും ഉപയോഗിച്ചതായും സംശയമുണ്ട്. ലഹരിമരുന്നു വേട്ടയിൽ പൊലീസിനെ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ അഭിനന്ദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com