ക്ഷേത്രത്തിൽ വച്ച് തല്ലി, വനിതാ എസ്ഐയോട് മാപ്പ‌പേക്ഷിച്ച് ബിജെപി എംഎൽഎയുടെ മകൾ

മകൾ ചെയ്തത് തെറ്റായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും എംഎൽഎ ഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്.
BJP MLA's daughter apologizes to female SI after assaulting her at the temple

ഐശ്വര്യ

Updated on

ബംഗളൂരു: ക്ഷേത്രത്തിൽ വച്ച് വനിതാ എസ്ഐയുടെ കരണത്തടിച്ചതിൽ മാപ്പപേക്ഷിച്ച് അസിസ്റ്റന്‍റ് കമ്മിഷണറുടെ ഭാര്യയും കർണാടക ബിജെപി എംഎൽഎയുടെ മകളുമായ ഐശ്വര്യ ഗൗഡ. എംഎൽഎ ബി.സുരേഷ് ഗൗഡയുടെ മകളാണ് ഐശ്വര്യ. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോയിൽ മാപ്പ് പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 12ന് ഭീമ അമാവാസ്യ ആഘോഷത്തിനിടെ ഉക്കഡയിലെ മാരമ്മ ക്ഷേത്രത്തിൽ വച്ചാണ് സംഭവം. സംഭവ ദിവസം ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായിരുന്നു. വരിയിൽ നിൽക്കാതെ നേരിട്ട് ക്ഷേത്രത്തിലേക്ക് കയറാൻ അനുവാദം നൽകണമെന്ന് ഐശ്വര്യ ആവശ്യപ്പെട്ടു.

എന്നാൽ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി വരിയിൽ നിൽക്കാൻ എസ്ഐ ആവശ്യപ്പെട്ടു. ഇതോടെ താൻ എംഎൽഎയുടെ മകളാണെന്ന് ഐശ്വര്യ ഭീഷണിപ്പെടുത്തി. തർക്കത്തിനിടെ ഐശ്വര്യ വനിതാ സബ് ഇൻസ്പെക്റ്ററുടെ മുഖത്ത് അടിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മർദിച്ചുവെന്നും ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള എസ്ഐയുടെ പരാതിയിൽ ഐശ്വര്യക്കെതിരേ കേസെടുത്തിരുന്നു. മുൻകൂർ ജാമ്യത്തിനായി അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്ന് ഐശ്വര്യ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിന് അപേക്ഷിക്കുന്നതിനു മുൻപായി പൊലീസുകാരിയോട് മാപ്പ് പറയാൻ കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വിഡിയോയിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്.

സംഭവ ദിവസം തന്‍റെ രണ്ട് കുട്ടികൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയതെന്നും അവിടെ വലിയ തിരക്കായിരുന്നുവെന്നുമാണ് ഐശ്വര്യ വാദിക്കുന്നത്. തുടർന്നാണ് പൊലീസുകാരിയുമായി വാക്കേറ്റമുണ്ടായത്. ആ നിമിഷത്തിലുണ്ടായ ദേഷ്യത്തിലാണ് അടിച്ചതെന്നും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എസ്ഐ സവിത പാട്ടീലിനോട് മാപ്പ് പറ‍യുന്നുവെന്നും വിഡിയോയിലുണ്ട്. തന്‍റെ മകൾ ചെയ്തത് തെറ്റായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും എംഎൽഎ ഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com