

ബിഎൽഎം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാർ ജൂലൈ 3ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ സന്ദർശിച്ചപ്പോൾ.
File
കൊച്ചി: ഭാരത് ലജ്‌ന മൾട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ബിഎൽഎം) വിവിധ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടാനുള്ള അതിവേഗ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടന്നു. വഞ്ചിക്കപ്പെട്ട കൂടുതല്‍ നിക്ഷേപകര്‍ പരാതികളുമായി മുന്നോട്ട് വരണമെന്ന് അന്വേഷണ സംഘം അഭ്യർഥിച്ചിട്ടുണ്ട്. ഇതിനെ തുടർന്നുള്ള ആദ്യ കേസ് കോതമംഗലത്ത് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഒരു കോടിയിൽ പരം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് സോണിയ സെബാസ്റ്റ്യൻ എന്ന വ്യക്തിയാണ് സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെതിരേ പരാതി നൽകിയത്. പണം ചോദിച്ച തന്നെ വെണ്ണലയിലെ ആഡംബര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചതായും പരാതിയിലുണ്ട്.
സൊസൈറ്റിയുടെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായാണ് പ്രേംകുമാറും കൂട്ടരും ധൂര്‍ത്തടിച്ചത്. സൊസൈറ്റിയുടെ പ്രധാന ലക്ഷ്യമായ ഭവന നിർമാണ പ്രവര്‍ത്തനങ്ങളെല്ലാം കാറ്റില്‍പ്പറത്തി, നിക്ഷേപകരുടെ പണം വാരിക്കൂട്ടി സ്വന്തക്കാരുടെ പേരിലേക്ക് മാറ്റുകയാണ് ഇയാള്‍ ചെയ്തത്.
വന്‍തോതില്‍ പണം വാങ്ങി ഡെപ്പോസിറ്റായി സ്വീകരിക്കുമ്പോള്‍, പുതിയ നിക്ഷേപകരില്‍ നിന്നു കിട്ടുന്ന പണം ഉപയോഗിച്ചാണ് പഴയ ആളുകള്‍ക്ക് പലിശ നല്‍കിയിരുന്നത്. പുതിയ നിക്ഷേപങ്ങള്‍ നിലയ്ക്കുന്നതോടെ തകര്‍ന്നടിയുന്ന തികച്ചും അപകടകരമായ മാതൃകയാണ് ഇവര്‍ പിന്തുടർന്ന് വന്നത്.
സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി മാത്രം 320ലധികം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുടനീളം ബിഎൽഎം ഉപയോഗിച്ചിട്ടുള്ളത്. കേന്ദ്ര ഏജന്‍സികളുടെയും ആദായനികുതി വകുപ്പിന്‍റെയും കണ്ണുവെട്ടിക്കാനും വിദേശ ഇടപാടുകള്‍ നടപ്പാക്കാനുമായി പാലക്കാടുള്ള ഒരു ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് 100 കോടിയിലേറെ രൂപ ഇയാൾ മാറ്റിയിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയനെ സന്ദർശിച്ച ഇയാൾ ആ ചിത്രവും തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് വിവരം.
ഉന്നത രാഷ്‌ട്രീയ സ്വാധീനത്തിന്‍റെയും മാധ്യമങ്ങള്‍ക്ക് നല്‍കുന്ന കോടികളുടെ പരസ്യങ്ങളുടെയും ബലത്തിലാണ് ഇത്രനാള്‍ ഈ കൊള്ളസംഘം പിടിച്ചുനിന്നത്.