
കൊയിലാണ്ടി: ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്‍റെ പേരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് അറസ്റ്റിലായത്. കോളെജ് വിദ്യാർഥിനിയാണ് ഇയാൾക്കെതിരേ പരാതി നൽകിയത്.
വിദേശത്തായിരുന്ന സജിൽ നിരന്തരമായി പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. ശല്യമായതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു.
രണ്ടു ദിവസം മുൻപ് നാട്ടിലെത്തിയ സജിൽ മദ്യലഹരിയിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. പെൺകുട്ടിയോട് ഇയാൾ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. മർദനമേറ്റ പെൺകുട്ടിക്ക് പരുക്കുണ്ട്.