ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി

ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു
Bomb threats to several schools in Delhi (Representative image)

ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി (പ്രതീകാത്മക ചിത്രം)

ANI

Updated on

ന്യൂഡൽഹി: ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ഡൽഹി പൊലീസ്, അഗ്നിരക്ഷാസേന, ബോംബ് നിർവീര്യമാക്കൽ വിഭാഗം എന്നിവർ വ്യാപക പരിശോധന നടത്തി. എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ബോംബ് നിർവീര്യമാക്കൽ സംഘം, ഡോഗ് സ്ക്വാഡ്, ഡൽഹി അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി. മുൻകരുതൽ നടപടിയായി സ്കൂൾ പരിസരങ്ങളിൽ നിന്ന് വിദ്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം സമഗ്രമായ പരിശോധന നടത്തി. പരിശോധനയിൽ അപകടസാധ്യതയുള്ള വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സുരക്ഷാ ഭീഷണി ലഭിച്ചതിനെ തുടർന്ന് എല്ലാ വിദ്യാർഥികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും പൊലീസിന്‍റെ പരിശോധനയ്ക്ക് ശേഷം മാത്രമേ ക്ലാസുകൾ പുനരാരംഭിക്കുകയുള്ളൂവെന്നും ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളിലൊന്നായ സർദാർ പട്ടേൽ വിദ്യാലയം രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു.

ഭീഷണി എത്തിയ ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com