

6 പേർ ചേർന്ന് 14കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 76കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം- എഐ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത 14കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നാദാപുരത്തിന് അടുത്തുള്ള വളയം സ്വദേശി മജീദ് (76) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് 5 പേർക്കെതിരേ അന്വേഷണം നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു. വളയം പൊലീസ് സ്റ്റേഷനിൽ 5 എഫ്ഐആറുകളും കുറ്റ‍്യാടി സ്റ്റേഷനിൽ ഒരു എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വളയത്ത് വച്ച് പലതവണകളായാണ് പീഡനം നടന്നത്. വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി 6 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ഇതേത്തുടർന്ന് കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത മജീദിന്‍റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വൈദ‍്യപരിശോധനയ്ക്ക് വിധേയമാക്കിയതായും കൗൺസിലിങ് നൽകിയെന്നും പൊലീസ് വ‍്യക്തമാക്കി.