

ശ്രദ്ധ ദുബെ
ലഖ്നൗ: വ‍്യവസായി ശിവ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. ശ്രദ്ധ ദുബെയുടെ സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി എന്നിവരെയും ലഖ്നൗ പൊലീസും ഉത്തർപ്രദേശ് സ്പെഷ‍്യൽ ടാസ്ക് ഫോഴ്സും ചേർന്ന് നാഗ്പുരിൽ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
11 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് നടപടി. എഡിജി അമിതാഭ് യാഷ് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്റ്റോബർ 9 മുതൽ മൂവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലഖ്നൗവിലെ ഹസ്രത്ത്ഗഞ്ച് പ്രദേശത്തുള്ള ഗ്രീൻ അപ്പാർട്മെന്‍റിലെ നാലാം നിലയിൽ നിന്നും വീണാണ് ശിവ ശർമ മരണപ്പെട്ടത്.
രശ്മി, ശ്രദ്ധ ദുബെ, തൻവീർ അലി
ശിവ ശർമ
എന്നാൽ ശിവ ശർമയുടെ മാതാവ് രഞ്ജന ശർമ ഇത് കൊലപാതകമാണെന്ന് ആരോപിക്കുകയും കൊലക്കുറ്റത്തിന് പരാതി നൽകുകയും ചെയ്തു. ആരോപണങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഉത്തർപ്രദേശിന് പുറത്തേക്ക് അന്വേഷണം വ‍്യാപിപ്പിച്ചതോടെയാണ് ഇവരെ കണ്ടെത്താനായത്. ഇവർ നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് അന്വേഷണ ഉദ‍്യോഗസ്ഥർ സംശയിച്ചിരുന്നു. എന്നാൽ ഒളിവിൽ കഴിയുന്നതിനിടെ ശ്രദ്ധ ദുബെ ശിവ ശർമയുടേത് കൊലപാതകമല്ല ആത്മഹത‍്യയാണെന്ന് പറഞ്ഞുകൊണ്ട് വിഡിയോ സന്ദേശം പങ്കുവച്ചിരുന്നു.
എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അപ്പാർട്ട്മെന്‍റ് കോംപ്ലക്സിലെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിക്കണമെന്നും അവർ അന്വേഷണ ഉദ‍്യോഗസ്ഥരോട് പറഞ്ഞിരുന്നു. മൂവർ സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുമ്പോഴാണ് ഇവർ തുടർച്ചയായി വിഡിയോ സന്ദേശങ്ങൾ പങ്കുവച്ചിരുന്നത്. ഇത് പൊലീസിനെതിരേ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതികളെ പറ്റി വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്ക് പാരിതോഷിതം 25,000ത്തിൽ നിന്നും 50,000 രൂപയായി വർധിപ്പിച്ചിരുന്നു.