

ശ്രദ്ധ ദുബെ, ശിവ ശർമ
ലഖ്നൗ: വ്യവസായിയും കാമുകനുമായ ശിവ ശർമയുടെ മരണത്തിൽ മൗനം വെടിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ. ശിവ ശർമയുടെത് ആത്മഹത്യയാണെന്നും കൊലപാതകമല്ലെന്നുമാണ് ശ്രദ്ധ ദുബെ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്നെ കാണാനില്ലെന്ന വാർത്തകളും അവർ തള്ളി.
മൊഴി രേഖപ്പെടുത്താനും എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താനും പൊലീസിന് മുന്നിൽ ഹാജരാകാൻ ഉദ്ദേശിക്കുന്നുവെന്നും ശ്രദ്ധ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് ശ്രദ്ധ ദുബെ, അവരുടെ സഹോദരി രഷ്മി, ഡ്രൈവർ എന്നിവരെ പറ്റി വിവരം നൽകുന്നവർക്ക് ലഖ്നൗ പൊലീസ് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രദ്ധ ദുബെ രംഗത്തെത്തിയിരിക്കുന്നത്.
കേസിലെ പ്രധാന പ്രതി നിലവിൽ ഒളിവിലാണെന്നും രക്ഷപ്പെടാൻ സാധ്യതയുള്ള ഡൽഹി, നേപ്പാൾ അതിർത്തിയിലേക്ക് പൊലീസ് സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ഡിസിപി വിക്രാന്ത് വീർ പറഞ്ഞു. ഒക്റ്റോബർ 9നാണ് ശിവ ശർമയെ ശ്രദ്ധ ദുബെയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽ നിന്നും വീണു മരിച്ചതായി കണ്ടെത്തിയത്. ശിവ ശർമ വീണുമരിച്ചതായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായാണ് വിവരം. ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരുകയാണ്.
ശിവ ശർമയുമായി ശ്രദ്ധ ദുബെയ്ക്കുള്ള ബന്ധത്തെ പറ്റി അറിയാൻ അവരുമായി അടുപ്പമുള്ള രണ്ടോ മൂന്നോ പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ശ്രദ്ധയും അവരുടെ സഹോദരി രഷ്മിയും മറ്റ് ചിലരും ചേർന്ന് തന്റെ മകനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും ശിവ ശർമയുടെ അമ്മ ആരോപിച്ചിരുന്നു. ഇതിനു പിന്നാലയാണ് ഹസ്രത്ത്ഗഞ്ച് പൊലീസ് കൊലപാതകകുറ്റത്തിന് ഭാരതീയ ന്യായ സംഹിത സെഷൻ 103(1) പ്രകാരം കേസെടുത്തത്. ശ്രദ്ധ ശിവ ശർമയെ നാലാം നിലയിൽ നിന്നും തള്ളിയിട്ടെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ ശിവ ശർമയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നു. ഇന്സ്റ്റഗ്രാമിൽ 1.41 ലക്ഷം ഫോളോവേഴ്സുള്ളയാളാണ് ശ്രദ്ധ ദുബെ.