

കുക്കറിൽ കഞ്ചാവൊളിപ്പിച്ചു; വിസിലടിച്ചതോടെ പണി പാളി, മണത്ത് കണ്ടു പിടിച്ച് പൊലീസ്
തൃശൂർ: കുന്ദംകുളത്ത് കുക്കറിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചയാൾ പിടിയിൽ. അടുപ്പൂട്ടി സ്വദേശി തെങ്ങിങ്കൽ ബിനീഷ് (40) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്. അടുപ്പൂട്ടിയിലെ വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് പ്രദേശത്തെത്തിയത്.
പൊലീസിനെ പേടിച്ച് കുക്കറിൽ വേവിക്കാൻ വച്ച അരിയിലേക്ക് ബിനീഷ് കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു. പക്ഷേ കുക്കർ വിസിലടിച്ചതോടെ കഞ്ചാവിന്‍റെ മണം വീടു മുഴുവൻ പരന്നു. കുക്കറിൽ തിളച്ച ചോറിൽ നിന്ന് 400 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
എക്സൈസ് ഇൻസ്പെക്റ്റർക്കു നേരെ കത്തി വീശിയ കേസിലും ബിനീഷ് പ്രതിയാണ്.