

65 കോടിയുടെ വിശ്വദീപ്തി നിക്ഷേപ തട്ടിപ്പ് സിബിഐ അന്വേഷിക്കും
file image
കൊച്ചി: വിശ്വദീപ്തി മൾട്ടി അഗ്രി കോ- ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ 65 കോടിയുടെ നിക്ഷേപ തട്ടിപ്പ് സിബിഐ അന്വേഷിക്കും. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കൊച്ചിയിലെ സിബിഐ അഴിമതി വിരുദ്ധ വിഭാഗം ഭാരതീയ ന‍്യായസംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി സെപ്റ്റംബർ 29ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
കൊച്ചിയിലെ ബഡ്സ് നിയമപ്രകാരമുള്ള കേസുകൾ കൈകാര‍്യം ചെയ്യുന്ന പ്രത‍്യേക കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. സൊസൈറ്റിയും ബോർഡ് അംഗങ്ങളും പ്രൊമോട്ടർമാരും അടക്കം 12 പേരാണ് കേസിലെ പ്രതികളെന്നാണ് സിബിഐ പറയുന്നത്.
കേരളത്തിൽ ബ്രാഞ്ചുകളുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായി പ്രവൃത്തിക്കുന്ന സൊസൈറ്റി 12 മുതൽ 14.5 ശതമാനം വരെ പൊതുജനങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം മുതലും പലിശയും തിരിച്ചു നൽകിയില്ലെന്നാണ് ആരോപണം. 2023 ഏപ്രിലിനും 2024 നവംബറിനും ഇടയിലാണ് പണം സ്വീകരിച്ചതെന്നാണ് അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 335 ക്രിമിനൽ കേസുകൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.
പിന്നീട് ഇത് സംസ്ഥാന ക്രൈംബ്രാഞ്ചിനും സാമ്പത്തിക കുറ്റകൃത‍്യ വിഭാഗത്തിനും കൈമാറുകയും ചെയ്തു. ഇതിൽ 110 കേസുകൾ തൃശൂർ ജില്ലയിൽ നിന്നും മറ്റു കേസുകൾ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് രജിസ്റ്റർ ചെയ്തത്. പണം നഷ്ടമായവരാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംസ്ഥാന ഏജൻസികളിൽ നിന്നും അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചുതുടങ്ങിയതായും വിശദമായ അന്വേഷണം നടത്തുമെന്നും സിബിഐ പറഞ്ഞു. പ്രതികളെ ഉടൻ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുമെന്നും സിബിഐ വ‍്യക്തമാക്കി.