

തിരുവനന്തപുരം: ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് ദമ്പതികൾക്ക് മർദനം. മലയൻകീഴ് സ്വദേശികളായ അനീഷിനും ഭാര‍്യ ആര‍്യയ്ക്കുമാണ് മർദനമേറ്റത്. കരിക്കകം പമ്പ് ഹൗസിന് സമീപത്തായി അനീഷിനും ഭാര‍്യയ്ക്കും 10 സെന്‍റ് സ്ഥലമുണ്ട്.
ഇതിൽ മൂന്ന് സെന്‍റ് വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. മൂന്ന് സെന്‍റ് വിട്ടുകൊടുക്കണമെന്ന് ആവശ‍്യപ്പെട്ട സംഘത്തിനോട് മൂന്ന് സെന്‍റ് മാത്രമായി വിട്ടുനൽകുന്നില്ലെന്നും 10 സെന്‍റ് മാർക്കറ്റ് വിലയ്ക്ക് നൽകാമെന്നും പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അനീഷിന്‍റെ അനുവാദമില്ലാതെ സംഘം സ്ഥലത്ത് അതിക്രമിച്ച് കയറി ഒരു വിളക്ക് വച്ചു.
തന്‍റെ ഭൂമിയിൽ അതിക്രമിച്ച് കയറിയത് ചൂണ്ടിക്കാട്ടി അനീഷ് കഴിഞ്ഞ 13ന് പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എതിർകക്ഷികൾക്ക് വക്കിൽ നോട്ടീസും നൽകി. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ സംഘം വീണ്ടും അതിക്രമിച്ച് കയറി വിളക്ക് വച്ചു. എന്നാൽ ഇത് ആവർത്തിക്കാതിരിക്കാൻ അനീഷും ഭാര‍്യയും ഗേറ്റ് സ്ഥാപിക്കാൻ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
തെളിവിനായി വിഡിയോ എടുക്കാൻ ശ്രമിച്ച അനീഷിനെയും ഭാര‍്യയേയും സംഘം പിടിച്ചുതള്ളുകയും മർദിക്കുകയുമായിരുന്നു. കഴക്കൂട്ടം സ്വദേശി രാജേന്ദ്രൻ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പരാതി. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്തു.